കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കളും വിതരണക്കാരുമായി തുടരുന്ന തര്‍ക്കം ക്രിസ്മസ് റിലീസ് സിനിമകളെ പ്രതിസന്ധിയിലാക്കി. തിയേറ്ററില്‍ നിന്നുളള വരുമാനം 50-50 അനുപാതത്തിലാക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കാതെ വന്നതോടെ ഡിസംബര്‍ 16 മുതല്‍ മലയാളം സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടത്തോടെ ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ഫുക്രി’, ‘ഇസ്ര’ എന്നീ ചിത്രങ്ങളുടെ റിലീസിംഗാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഈമാസം അവസാനത്തോടെ നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ പുലിമുരുകന്, ഒപ്പം തുടങ്ങി മികച്ച സിനിമകളുടെ വരവും അവയുടെ വിജയവും മലയാള സിനിമയില്‍ ഉണര്‍വ് ഉണ്ടാക്കിയിരിക്കുന്ന സമയത്താണ് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഇത് മലയാള സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുമെങ്കിലും മറുനാടന്‍ ചിത്രങ്ങള്‍ക്ക് വന്‍ കലക്ഷന്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി എ.കെ ബാലന് സംഘടനാ നേതാക്കളുമായി പാലക്കാട് വടക്കഞ്ചേരിയില്‍ ഇന്ന് വൈകീട്ട് മൂന്നിന് ചര്‍ച്ച നടത്തും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് എന്നിവരുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
