ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം നാലായി. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേരും പുതുക്കോട്ടയില്‍ ഒരാളും മരിച്ചു. വിരുതാചലത്ത് മതില്‍ ഇടിഞ്ഞ് വീണ് ഒരു സ്ത്രീയും മരിച്ചു. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് തമിഴ്നാടിന്റെ വടക്കന്‍ മേഖലയിലൂടെ കാറ്റ് വീശുന്നത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന് മുന്നോടിയായി അര ലക്ഷത്തോളം പേരെ തമിഴ്നാട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നാഗപട്ടണം, കടലൂര്‍ ജില്ലകളിലായി മൂവായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും മൂന്നിറിലധികം താല്‍ക്കാലിക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്.കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; നാല് മരണം; കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യത