ഹൈദരാബാദ്: രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങളില്‍ അഭിനയിച്ച് വന്‍ ജന പ്രീതി നേടിയ തമന്ന പുതിയ ചിത്രത്തിനായി ആറ് കിലോ ഭാരം കുറച്ചു. ‘പ്രേക്ഷകര്‍ ഗ്ലാമര്‍ നായികയായാണ് എന്നെ കാണുന്നത്. അതിനനുസരിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാഹുബലിയിലെ ആവന്തിക എന്ന കഥാപാത്രം അറിയപ്പെടാത്ത ഏതോ കാലഘട്ടത്തില്‍ ജീവിച്ചിരുന്നയാളാണ്. ആ കഥാപാത്രം വ്യത്യസ്തമായ ഭാവത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിനായി ശരീരഘടനയില്‍ നല്ല മാറ്റം വരുത്തിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാകാനാണ് പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ചത്. ഓട്‌സും ജ്യൂസും നട്‌സും മാത്രം കഴിച്ചാണ് തടി കുറച്ചത്. പിന്നെ നന്നായി വര്‍ക്കൗട്ട് ചെയ്തു’.
ബാഹുബലി രണ്ടിന് വേണ്ടി തമന്ന കുതിര സവാരിയും അമ്പെയ്ത്തും പരിശീലിച്ചിരുന്നു. ഹൈദരാബാദിലെ പരിശീലന കേന്ദ്രത്തില്‍ രണ്ടാഴ്ചയോളം അതിനായി ചെലവഴിച്ചു. അതിനാല്‍,പുതിയ ബാഹുബലി ചിത്രത്തില്‍ ഇതുവരെ സ്‌ക്രീനില്‍ കാണാത്ത തമന്നയെ പ്രേക്ഷകര്‍ക്ക് കാണാനാകുമെന്ന് അവര്‍ പറഞ്ഞു.സാധാരണ സിനിമയില്‍ സ്ത്രീകള്‍ ചെയ്യാത്തത് പോലുള്ള സംഘട്ടന രംഗങ്ങളില്‍ തമന്ന തിളങ്ങിയിട്ടുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ശാരീരികമായി വെല്ലുവിളി നേരിട്ട കഥാപാത്രമാണ് ‘ആവന്തിക’. സംഘട്ടനരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ സംവിധായകന് തൃപ്തി പകര്‍ന്നു കൊണ്ട് ആ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ തമന്നയ്ക്ക് സാധിച്ചു.
ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയിലാണ് പുതിയ ചിത്രം ചിത്രീകരിക്കുന്നത്. മൈനസ് ഡിഗ്രിയില്‍ തണുപ്പുള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് ഷൂട്ടിംഗ് നടക്കുന്നത് . രണ്ട് കൊല്ലം മുമ്പ് ബാഹുബലിയിലെ ചില സീനുകള്‍ ചിത്രീകരിക്കാന്‍ അവിടെ പോയിരുന്നു. അതിനാല്‍ അവിടത്തെ കാലാവസ്ഥയെ എങ്ങനെ നേരിടണമെന്ന് അറിയാമെന്ന് താരം പറഞ്ഞു.