കാസര്‍കോട്: ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി നിര്‍മിച്ച വിവാദ ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ പാടെ അവഗണിച്ചതറിഞ്ഞ പൊതുമരാമത്ത മന്ത്രി ജി സുധാകരന്‍ ക്ഷുഭിതനായി. മണിക്കൂറുകള്‍ക്കകം പൊളിച്ചുമാറ്റണമെന്നും ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ പണി പോകുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പി ഡബ്ല്യൂ.ഡി അധികൃതര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സര്‍ക്കിളും ഡിവൈഡറും പൊളിച്ചുമാറ്റി തുടങ്ങി. ഡിവൈഡര്‍ പൊളിച്ചുമാറ്റുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ധന്യവാദ് വെള്ളിയാഴ്ച രാവിലെ ജില്ലയിലെത്തിയ മന്ത്രി ജി സുധാകരന് നിവേദനം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് തന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ അവഗണിച്ചതറിഞ്ഞത്. ഉടന്‍ ഉദ്യോഗസ്ഥരോട് മന്ത്രി ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നു. ഇന്നു തന്നെ പൊളിച്ചുമാറ്റിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പണിപോകുമെന്ന് ശാസിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയിലേക്ക് നീങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയ മന്ത്രി അശാസ്ത്രീയമായി നിര്‍മിച്ച ട്രാഫിക് സര്‍ക്കിള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ കാസര്‍കോട് സന്ദര്‍ശന വേളയില്‍ സ്ഥലം സന്ദര്‍ശിക്കുകയും അപാകത ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത്.
ചെര്‍ക്കള ജംഗ്ഷന്‍ നവീകരണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി സ്ഥാപിച്ച സര്‍ക്കിള്‍ നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നതു ചൂണ്ടിക്കാട്ടി എം.എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും മറ്റും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രസ്തുത സര്‍ക്കിള്‍ അടിയന്തിരമായി പൊളിച്ച് മാറ്റുന്നതിന് കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ചെര്‍ക്കള ടൗണില്‍ ട്രാഫിക് സര്‍ക്കിളും റോഡും ഓവുചാലും നിര്‍മ്മിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തെ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിര്‍മ്മാണ പ്രവൃത്തിയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെര്‍ക്കള ജംഗ്ഷനില്‍ നിന്നും കെട്ടുങ്കല്ല് വരെയുള്ള ഒന്നരക്കിലോമീറ്റര്‍ റോഡ്, ട്രാഫിക് സര്‍ക്കിള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായിരുന്നു. അശാസ്ത്രീയമായാണ് ട്രാഫിക് സര്‍ക്കിള്‍ നിര്‍മിച്ചിട്ടുള്ളത്. ഓവുചാല്‍ നിര്‍മ്മാണത്തില്‍ യാതൊരു നിലവാരവും പാലിച്ചിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
തന്റെ ഉത്തരവ് അനുസരിക്കാത്ത ഉദ്യോഗസ്ഥരുടെ പണിപോകുമെന്ന് മന്ത്രി ജി സുധാകരന്‍; കാസര്‍കോട് ചെര്‍ക്കളയിലെ വിവാദ സര്‍ക്കിള്‍ പൊളിച്ചുമാറ്റി തുടങ്ങി