
സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, കോണ്‍ഗ്രസ്-ബി.ജെ.പി സംയുക്ത സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് കാസര്‍കോഡും പാലക്കാടും സി.പി.എം ജയം. കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം വാർഡില്‍ ബി.ജെ.പി സ്ഥാനാർത്ഥി കവിതയെ 399 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. ടി സരസ്വതി തോൽപിച്ചത്. യു.ഡി.എഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.
പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും യു.ഡി.എഫിനും സംയുക്ത സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര അംഗം പി. പി മാലതി വന്നെങ്കിലും സി.പി.എമ്മിലെ രതിമോള്‍ 34 വോട്ടിന് ജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽ.ഡി.എഫിലെ പി. സിജിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.പല്ലശന മഠത്തിൽക്കളം ആറാം വാര്‍ഡ് യു.ഡി.എഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12–-ാം വാർഡ് സ്വതന്ത്രനില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. പല്ലശനയില്‍ എൽ.ഡി.എഫ് സ്ഥാനാർഥി കെ. യശോദയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി എ. സുനിലിനെയാണ് പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തെങ്കര പഞ്ചായത്ത് 12–-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്.
സ്വതന്ത്രനായിരുന്ന സി. എച്ച് മുഹമ്മദ് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇദ്ദേഹത്തിന്‍റെ മകനാണ് നിലവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്, കെ. ഉണ്ണികൃഷ്‌ണൻ എന്നിവര്‍ പരാജയപ്പെട്ടു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി നോക്കുമ്പോള്‍ 15 സീറ്റുകള്‍ നേടി യു.ഡി.എഫ്. എല്‍.ഡി.എഫ് 11 സീറ്റുകളും ബി.ജെ.പി ഒരു സീറ്റും നേടി. 72.18 ശതമാനമാണ് ആകെ വോട്ടിങ്.
