കാസര്‍കോട്: പൊതുപ്രവര്‍ത്തകനും മികച്ച സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്‍റെ സ്മരണയ്ക്കായി നടത്തുന്ന അഖിലേന്ത്യാ വോളീബോള്‍ ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 22 മുതല്‍ 29 വരെ തച്ചങ്ങാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം. ഇന്ത്യയിലെ പ്രമുഖ പുരുഷ ടീമുകളായ ഒ.എന്‍.ജി.സി ഡെറാഡൂണ്‍, സതേണ്‍ റെയില്‍വേ, എച്ച്.എസ്.ഐ.ഐ ഡി.സി ഹരിയാന, മുംബൈ സ്പൈക്കേഴ്സ്, കെ.എസ്.ഇ.ബി കൊച്ചിന്‍ കസ്റ്റംസ്, ഇന്ത്യന്‍ നേവി, ഇന്റിഗ്രല്‍ കോച്ച് ഫാക്ടറി ചെന്നൈ, വനിതാ ടീമുകളായ കേരള പോലീസ് സതേണ്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സായി തലശ്ശേരി എന്നിവ മല്‍സരത്തില്‍ മാറ്റുരക്കും. 3750 പേര്‍ക്ക് ഗാലറിയിലും 1500 പേര്‍ക്ക് കസേരേയിലും ഇരുന്ന് മല്‍സരം വീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന പാര്‍ക്കിങ്ങിനായി വിപുലമായ സൗകര്യവും സ്റ്റേഡിയ പരിസരത്തു തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. 
ഞായറാഴ്ച രാത്രി എട്ട് മണിക്ക് വോളി ഫെസ്റ്റ് -18 ന്‍റെ ഔപചാരിക ഉദ്ഘാടനം കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍ അദ്ധ്യക്ഷനാകും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ദിവസം വനിതാ വിഭാഗത്തില്‍ കേരള പോലീസും, സായി തലശ്ശേരിയും, പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബി ഇന്ത്യന്‍ നേവിയേയും, ഹരിയാന മുംബൈ സ്പൈക്കേഴ്സിനെയും നേരിടും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സാജിദ് മൗവ്വല്‍, ജനറല്‍ കണ്‍വീനര്‍ പി.ശിവാനന്ദന്‍ മാസ്റ്റര്‍, രാജന്‍ പെരിയ, കേവീസ് ബാലകൃഷ്ണന്‍, സുകുമാരന്‍ പൂച്ചക്കാട്, സത്യന്‍ പൂച്ചക്കാട്, എന്‍.ബി.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.