ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമില്ല; കോൺഗ്രസ് ഏഴ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമില്ല; കോൺഗ്രസ് ഏഴ് സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാന നഗരമായ ഡൽഹിയിൽ എ.എ.പിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. സീറ്റ് പങ്ക്വെക്കുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതൃത്വം ആം ആദ്മി പാര്‍ട്ടിക്ക് പിടിവാശിയാണെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി ചാക്കോ കുറ്റപ്പെടുത്തി.

ഡൽഹിയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് തനിച്ച് മൽസരിക്കും. പാർട്ടി സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ചർകൾക്കുള്ള എല്ലാ സാധ്യതകളും അവസാനിച്ചെന്നും പി. സി ചാക്കോ പറയുന്നു. ഡൽഹിയിലെ 7 സീറ്റുകളിൽ 3:4 എന്ന ഫോർമുലയിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ എഎപി നേതാവ് മറ്റ് സംസ്ഥാനങ്ങളിലെ വിഷയമാണ് ഉന്നയിച്ചതെന്നും പി.സി ചാക്കോ കുറ്റപ്പെടുത്തി.

ഡൽഹിയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഒരു സംസ്ഥാനത്ത് സഖ്യത്തിന് തയ്യാറാവുമ്പോള്‍ മറ്റിടങ്ങളിലും അത് തുടരണമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഡൽഹിലെ സഖ്യ സാധ്യതയിൽ നിന്ന് എ.എ.പി പിന്നോട്ട് പോയതിന്‍റെ വ്യക്തമായ കാരണം അറിയില്ല. നിലവിലെ സാഹചര്യം ജനങ്ങളോട് വിശദീകരിക്കേണ്ടത് ആംആദ്മി നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ചയാണ് എ.എ.പി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചപ്പോൾ എ.എ.പി പിന്നോട്ട് പോവുകയായിരുന്നുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിവരെ സഖ്യത്തോ‌ട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിയിലെ ആംആദ്മി കോണ്‍ഗ്രസ് ധാരണയിൽ പിന്നോട്ട് പോവുന്നെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുന്‍പ് രാഹു‍ല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരെ അരവിന്ദ് കേജ്രിവാള്‍ കൂടി രംഗത്തെത്തിയതോടെയാണ് തർക്കം പരസ്യമായത്.

0Shares