‘ഡോ. പ്രസാദ് പന്ന്യനെ തിരിച്ചെടുക്കണം; ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനം വിമര്‍ശനമായി പരിഗണിക്കാനാവില്ല; സസ്പെന്‍ഷനെ ലഘുവായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ‘ഡോ. പ്രസാദ് പന്ന്യനെ തിരിച്ചെടുക്കണം; ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനം വിമര്‍ശനമായി പരിഗണിക്കാനാവില്ല; സസ്പെന്‍ഷനെ ലഘുവായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി

കൊച്ചി: കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ഡോ. പ്രസാദ് പന്ന്യനെ ഡിപ്പാര്‍ട്മെന്റ് തലവനായി എത്രയും പെട്ടെന്ന് തിരികെ നിയമിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സസ്പെന്‍ഷന്‍ നടപടിക്കെതിരെ ഡോ. പ്രസാദ് പന്ന്യന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ ജയപ്രസാദ്, ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. വെള്ളിക്കീല്‍ രാഘവന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാക്കിയായിരുന്നു ഡോ. പ്രസാദ് പന്ന്യന്‍ ഹരജി നല്‍കിയത്. സസ്‌പെന്‍ഷന്‍ സിവില്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും അത് ഒരു വ്യക്തിയുടെ കരിയറിനെയും യശസ്സിനെയും ബാധിക്കുമെന്നും കേവലം ലഘുവായ ഒന്നായി അതിനെ കരുതാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുഹ്താഖ് ഉത്തരവില്‍ പറഞ്ഞു.തെലങ്കാന സ്വദേശിയും ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഗന്തോട്ടി നാഗരാജുവിനെ കോളജിലെ ഫയര്‍ അലാറത്തിന്റെ ചില്ലുപൊട്ടിച്ചു എന്നാരോപിച്ച് സര്‍വ്വകലാശാല അധികൃതര്‍ ബേക്കല്‍ പൊലീസിനു കൈമാറിയിരുന്നു. ഈ സംഭവത്തില്‍ നാഗരാജുവിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പേരിലായിരുന്നു പ്രസാദ് പന്ന്യനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് സര്‍വ്വകലാശാലയുടെ കൂട്ടായ താല്‍പര്യത്തിന് ഹാനിയുണ്ടാക്കുന്ന ഒന്നായല്ല കാണേണ്ടതെന്നും മറിച്ച് ആരോഗ്യകരമായ ഒരു വിമര്‍ശനമായി വേണം കൈകാര്യം ചെയ്യേണ്ടത് എന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.

0Shares