ഡീസല്‍വിലവര്‍ദ്ധന; നവംബര്‍ ഒന്നുമുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കുമെന്ന് ഉടമകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഡീസല്‍വിലവര്‍ദ്ധന; നവംബര്‍ ഒന്നുമുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കുമെന്ന് ഉടമകള്‍

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസുടമകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പെട്രോളിയം കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വിലവര്‍ദ്ധിപ്പിച്ച് കൊള്ളലാഭം കൊയ്യാന്‍ മൗനാനുവാദം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അതുവഴി അധികം ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെയും തെറ്റായ നടപടിയാണ് ബസുടമകളെ സമരത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
വരുമാനവും ചിലവും തമ്മില്‍ ഒത്തുകൊണ്ടു സാധിക്കാതെ വന്ന സാഹചര്യത്തില്‍ നവംബര്‍ ഒന്നു മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം. ഇതിലേക്കായി ഇതര സംഘടനയുടെ സഹായവും തേടും. ഇതിന്റെ മുന്നോടിയായി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബസുകളുടെ കാലാവധി 20 വര്‍ഷമായി വര്‍ദ്ധിപ്പിക്കുക, സ്വകാര്യബസുകള്‍ക്ക് ഡീസല്‍ സബ്സിഡി അനുവദിക്കുക, അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കുക, കേരളത്തേക്കാള്‍ അഞ്ചുരൂപയോളം വിലകുറവുള്ള കര്‍ണാടകയില്‍ നിന്നും ഡീസല്‍ കൊണ്ട് വരാന്‍ അനുവദിക്കുക, പ്രൈവറ്റ് ബസുകളിലേത് പോലെ തന്നെ കെ.എസ്.ആര്‍.ടി.സി. ബസുകളിലും വിദ്യാര്‍ത്ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, പാരലല്‍ സര്‍വ്വീസ് അടിയന്തിരമായും നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധര്‍ണ്ണ നടത്തും. ജില്ലാ നിര്‍വ്വാഹകസമിതി യോഗത്തില്‍ പ്രസിഡണ്ട് കെ. ഗിരീഷ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡണ്ട് തിമ്മപ്പഭട്ട്, ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, സി. രവി, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സി.എ. മുഹമ്മദ്കുഞ്ഞി, വി.എം. ശ്രീപതി എന്നിവര്‍ പ്രസംഗിച്ചു.

0Shares