
കാസര്‍കോട്: സാമ്പ്രദായിക ഇന്ത്യന്‍ ഇടതു പക്ഷത്തിന്‍റെ ഒരു ചെറുപതിപ്പാണ് ജെ. എന്‍. യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായിരുന്നു. അദ്ദേഹം രാജ്യത്തിന്‍റെ വൈസ് പ്രസിഡന്റ് ആയിരിക്കെ സര്‍വകലാശാലയില്‍ ഒരു ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെയാണ്. ‘ജെ. എന്‍. യു ഇന്നെന്താണോ ചിന്തിക്കുന്നത് രാഷ്ട്രം അത് നാളെ ചിന്തിക്കും’. രാജ്യത്തിന്‍െറ അഭിമാനസ്തംഭങ്ങളിലൊന്നായ ഈ വിശ്വോത്തര സര്‍വകലാശാലയില്‍ നടത്തുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ആഴവും പരപ്പും പ്രാധാന്യവും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. രാജ്യം മുഴുവന്‍ വര്‍ഗീയ ഫാസിസത്തിന്റെ വീര്‍പ്പുമുട്ടലില്‍ നില്‍ക്കുമ്പോഴും ഇന്നും ജെ. എന്‍. യു അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു.
1969 ൽ പാർലമെന്റ് പാസ്സാക്കിയ ഒരു പ്രത്യേക നിയമത്തിലൂടെയാണ് ജെ.എൻ.യു. സ്ഥാപിതമാവുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകപ്പെട്ട ഈ സർവകലാശാല സ്ഥാപിച്ചത് നെഹ്റുവിന്റെ മകളും മുൻപ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു. ജി. പാർഥസാരതി ആദ്യ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.
മുന്നാംലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള ഒരു പ്രമുഖ സ്ഥാപനമാക്കി മാറ്റുക എന്നതായിരുന്നു ഈ സർവകലാശാലയുടെ സ്ഥാപകർ ലക്ഷ്യമാക്കിയത്. മുന്നാം ലോകരാജ്യങ്ങളെ കുറിച്ചുള്ള പഠനകേന്ദ്രം എന്നത് ഈ സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള ഉദ്ദേശ്യമായിരുന്നു. ദേശീയ അന്തർദേശീയ നയ രൂപവത്കരണത്തിലും ഉന്നത തല അക്കാദമിക പ്രവർത്തികളിലും വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും കൂടുതലായി വ്യാപൃതരാക്കുന്ന ഗവേഷണത്തേയും അധ്യാപനത്തേയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മൂന്നാമതൊരു ലക്ഷ്യമായി കണ്ടത്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നു. വിവിധ കോഴ്‌സുകളിലായി ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍. ലോക പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് മുതല്‍ സി. പി. എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ ജെ.എന്‍.യുവിന്റെ സന്താനങ്ങളാണ്. സര്‍വേപ്പള്ളി ഗോപാല്‍, റോമിള ഥാപ്പര്‍, സുമിത് സര്‍ക്കാര്‍, സതീഷ് ചന്ദ്ര, ബിപന്‍ ചന്ദ്ര, സുതിപ്ത കവിരാജ് തുടങ്ങിയ പ്രമുഖര്‍ ഇവിടെ അധ്യാപകരായിരുന്നു. ഗോപാല്‍ ഗുരു, എം. എസ്. എസ് പാണ്ഡ്യന്‍, സോയ ഹസന്‍ തുടങ്ങി ഒരുപാട് ലോക പ്രശസ്ത അക്കാദമിസ്റ്റുകള്‍ ഇന്നും ഇവിടെ അധ്യാപകരായുണ്ട്.
പകല്‍ പരമാവധി ഉറങ്ങി രാത്രി ‘ഹയാത്താ’ക്കുന്ന വിദ്യാര്‍ഥികള്‍ ഒരുപാടാണ് കാമ്പസില്‍. ജെ. എന്‍. യുവില്‍ സൂര്യനുദിക്കുക വൈകുന്നേരമാണ് എന്നാണ് പറയുക. രാത്രികളിലാണ് വിദ്യാര്‍ഥി സംഘടനകളുടെയും മറ്റും പൊതുപരിപാടികള്‍,പബ്ലിക് ടോക്കുകള്‍ എന്നിവ നടക്കുക. ‘അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ അരുന്ധതി റോയ് സംസാരിക്കുന്നു, സബര്‍മതി മെസ്-രാത്രി 9.30’ ഇങ്ങനെയായിരിക്കും പരിപാടികളുടെ നോട്ടീസ്. രാത്രികളിലെ ഇത്തരം സമയക്രമങ്ങള്‍ ജെ. എന്‍. യുവിന്റെ പ്രത്യേകതയാണ്. അതേസമയം, ഏത് പാതിരാവിലും പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്ന കാമ്പസ് അന്തരീക്ഷമാണ് ജെ. എന്‍. യുവിലേത്.

കാമ്പസില്‍ അക്ഷരം, കൈരളി തുടങ്ങിയ വ്യത്യസ്ത മലയാളി കൂട്ടായ്മകളുണ്ട്. കേരളത്തിലുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ജെ. എന്‍. യുവില്‍ ചര്‍ച്ചയാവാറുണ്ട്. മണല്‍ മാഫിയക്കെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ജസീറയെ പങ്കെടുപ്പിച്ച് ജസീറ സോളിഡാരിററി ഫോറം ജെ. എന്‍. യുവില്‍ പരിപാടി നടത്തിയിരുന്നു. ഓണത്തോടനുബന്ധിച്ച് രൂപീകരിക്കുന്ന ഓണം കമ്മിറ്റി സജീവമായ ഒരു മലയാളി സംരംഭമാണ്. ഓണാഘോഷ പരിപാടികള്‍, അതിനോടനുബന്ധിച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍, കലാകായിക മത്സരങ്ങള്‍ എന്നിവക്ക് ഈ കമ്മിറ്റി നേതൃത്വം നല്‍കുന്നു.
സൈദ്ധാന്തിക പൊരുത്തക്കേടുകൾക്ക് ബ്രാക്കറ്റുകൾ തീർത്ത് പരിഹാരം കണ്ടെത്തി മധ്യ-ഇടതു മുതൽ തീവ്ര-ഇടതുകൾ വരെ അരഡസനിലധികം സംഘടനകൾ രൂപപ്പെടുന്ന നിലയിലേക്ക് ജെ.എൻ.യുവിലെ ഇടതുപക്ഷമെത്തിയിട്ട് കാലമേറെയായി. എങ്കിലും വര്‍ഗീയതയെ തുരത്തുന്ന കാര്യത്തില്‍ ഇടത്പക്ഷം ഏകദേശം ഒന്നായിചേര്‍ന്ന് പൊരുതുന്ന കാഴ്ചയാണ് ഇന്ന് പുറത്തുവന്ന ഇവിടുത്തെ വിദ്യാര്‍ത്ഥിയൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നല്‍കുന്നത്.
എസ്. എഫ്. ഐ – ഐസ- ഡി. എസ്. എഫ് സഖ്യമാണ് ജനറല്‍ സീറ്റുകളെല്ലാം തൂത്ത് വാരി ജയം നേടിയത്. ഒരു ജനറല്‍ സീറ്റ് പോലും നേടാനാവാതെ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ. ബി. വി. പി. രണ്ടാമതെത്തി. എ. ബി. വി. പിയുടെ നിതി ത്രിപാഠിയെ പരാജയപ്പെടുത്തി ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
848 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിമന്‍ സോയ ഖാന്‍ വൈസ് പ്രസിഡണ്ടായും, 1107 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദുഗ്ഗിരാല ശ്രീകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുഭാന്‍ഷു സിംഗിന് 835 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. നജീബിന്റെ തിരോധാനവും മറ്റ് വിദ്യാര്‍ത്ഥി വിഷയങ്ങളും കൂടാതെ രാജ്യത്തെ സംഘപരിവാറിന്റെ അജണ്ട അടക്കമുള്ളവ ഈ തിരഞ്ഞെടുപ്പില്‍ വിഷയമായിരുന്നു.
