
ന്യൂഡല്‍ഹി: മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന പുകയ്ക്ക് സമാനമായ അവസ്ഥയാണ് ഡല്‍ഹിയില്‍ പലയിടങ്ങളിലുമുള്ളത്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഐ.എം.എ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദേശം നല്കി.

പുലര്‍ച്ചെയോടെ വായുവിന്റെ ഗുണനിലവാര സൂചിക (എ.ക്യു.ഐ) വളരെ മോശം നിലയിലേയ്ക്ക് (396) എത്തി. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച നിലവാരമായി കണക്കാക്കുന്നത്. കടുത്ത പുകമഞ്ഞു മൂലം പകല്‍ 8 മണിക്ക് ഡല്‍ഹിയില്‍ 200 മീറ്ററിനുള്ളില്‍ പോലും കാഴ്ച തടസ്സപ്പെട്ടിരുന്നു. 10 മണിയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.
