
കോഴിക്കോട്: കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സ് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ജോലി പ്രഖ്യാപിച്ചതും മാതൃഭൂമി പത്രത്തില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യദിനം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചതും അടുത്തിടെയാണ്. ഇതിനെല്ലാം പിന്നാലെ വിപ്ലവകരമായ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾ ഫെഡറേഷൻ.

ട്രാന്‍സ് ജെന്‍ഡേഴ്സ് വിഭാഗത്തില്‍ നിന്ന് അധ്യാപകരെ നിയമിക്കാൻ ഒരുങ്ങുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾ ഫെഡറേഷൻ. ട്രാന്‍സ് ജെന്‍ഡേഴ്സ് വിഭാഗത്തില്‍ മതിയായ യോഗ്യതയുള്ളവരെ സംഘടനയിൽ അംഗങ്ങളായ സ്കൂളുകളിൽ അധ്യാപകരായി നിയമിക്കും. ഇതൊടൊപ്പം അധ്യാപികമാർക്ക് ആർത്തവ സമയത്ത് ശമ്പളത്തോടെ ഒരു ദിവസം അവധി നൽകുകയും ചെയ്യും. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ചാം ക്ലാസ് മുതൽ കുട്ടികൾക്ക് ഐ. ഐ. ടി ഫൗണ്ടേഷൻ ക്ലാസുകൾ നൽകാനും തീരുമാനമായി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 സ്ക്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
