ട്രഷറി നിയന്ത്രണം നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല; മന്ത്രി ഇ ചന്ദ്രശഖരന്‍ പങ്കെടുത്ത പരിപാടിയില്‍ ബി.ജെ.പി ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത് കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ട്രഷറി നിയന്ത്രണം നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല; മന്ത്രി ഇ ചന്ദ്രശഖരന്‍ പങ്കെടുത്ത പരിപാടിയില്‍ ബി.ജെ.പി ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത് കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി

കാസര്‍കോട്: മന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയില്‍ വേറിട്ട പ്രതിഷേധവുമായി ബി.ജെ.പി ജനപ്രതിനിധികള്‍. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ട്രഷറി സ്തംഭനത്തിനെതിരെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി മൗനമായി നിന്നുകൊണ്ട് ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിനേര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പദ്ധതി രുപീകരണ രേഖയുടെ പ്രകാശനത്തിനായി ചേര്‍ന്ന വികസന സെമിനാര്‍ വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പ്രകാരമാണ് ഫണ്ടനുവദിക്കുന്നത്. സംസ്ഥാന ധനകാര്യകമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ബജറ്റിലൂടെ അനുവദിക്കുന്ന പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. അതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്ന ബില്ലുകള്‍ അനുസരിച്ചുള്ള പണം കൈമാറാതെ നില്‍ക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൈകടത്തലാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനയുടെ അന്തസത്തയെയും പഞ്ചായത്തിരാജ് സംവിധാനങ്ങളെയും അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട നിരവധിയാളുകളുടെ വികസന സ്വപ്നങ്ങള്‍ക്കുമേലാണ് സര്‍ക്കാറിന്റെ ഈ നടപടിയിലൂടെ സ്തംഭിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ സമരത്തില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതിസുരേഷ്, കാറഡുക്ക, പഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്ന, എന്‍മകജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.ഉദയന്‍, പഞ്ചായത്തംഗം സതീഷ്‌കുളാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares