കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി വി ജാനകിയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത് ആസൂത്രിതമായിരുന്നുവെന്ന് പോലിസ്. കേസിലെ മുഖ്യപ്രതിയായ മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണിന്റെ നിര്‍ദേശ പ്രകാരമാണ് കൊലയ്ക്ക് പത്തുദിവസം മുമ്പ് പദ്ധതിയിട്ടത്. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന ശേഷം അരുണും വിശാഖും റനീഷും ജാനകിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. പദ്ധതി പാളിയാല്‍ കൊല്ലണമെന്ന തീരുമാനത്തോടേയാണ് സംഘം പിരിഞ്ഞത്. ഇതു പ്രകാരം കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി മുഖംമൂടി ധരിച്ച് ജാനകിയുടെ വീട്ടിലെത്തിയ സംഘം കൃത്യം നടപ്പാക്കുകയാണുണ്ടായത്.
തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ നാട്ടുകാര്‍ മുഴുവന്‍ അവിടെയായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് മുഖംമൂടി ധരിച്ചാണ് വീടിന്റെ പിറകിലൂടെ അകത്ത് കയറിയത്. അരുണിന്റെ നിര്‍ദ്ദേശപ്രകാരം ദമ്പതികളെ കെട്ടിയിട്ട് മോഷണം നടത്തി. പരസ്പരം പേരുവിളിച്ച് സംഭാഷണം നടത്തിയതോടെ പ്രതികളെ ജാനകി തിരിച്ചറിഞ്ഞു. അത് ഉറപ്പായതോടെയാണ് പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടാന്‍ തീരുമാനിച്ചത്. ടീച്ചറെ വധിക്കാന്‍ വൈശാഖിനോടാണ് അരുണ്‍ നിര്‍ദേശിച്ചത്. തന്റെ ഗുരുവായ ടീച്ചറെ കൊല്ലാന്‍ നീങ്ങിയ വൈശാഖിന്റെ കൈവിറച്ചതോടെ പുറത്തുപോയി കൃഷ്ണന്‍ മാസ്റ്ററുടെ കൈക്ക് വെട്ടുകയായിരുന്നു. എന്നാല്‍ അരുണ്‍ സെക്കന്റുകള്‍ക്കകം ടീച്ചറുടെ കഴുത്തറുത്തു. രക്തം പൊട്ടിയൊഴുകുന്നതുകണ്ട വൈശാഖും റനീഷും ആദ്യം പുറത്തേക്കോടി. അതിനുമുമ്പേതന്നെ അരുണ്‍ 60,000 രൂപയും 18 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു. ടീച്ചര്‍ സംഭവസ്ഥലത്തുവച്ച് ചോരവാര്‍ന്നു മരിക്കുകയാണുണ്ടായത്. പരിക്കേറ്റ കൃഷ്ണന്‍ മാസ്റ്റര്‍ പിന്നീട് പോലിസിനെ വിളിച്ചുവരുത്തി ചികില്‍സ തേടുകയായിരുന്നു. കൊലപാതകത്തില്‍ അരുണിനും വിശാഖിനും റനീഷിനും പങ്കുള്ളതായി ആദ്യ നാളുകളില്‍ ആരും സംശയിച്ചിരുന്നില്ല.
അതുകൊണ്ടു തന്നെ കുറച്ചുകാലം നാട്ടില്‍ ഇവര്‍ സമാധാനത്തോടെ കഴിയുകയായിരുന്നു. ആരും തങ്ങളെ സംശയിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ അരുണ്‍ ഇക്കഴിഞ്ഞ നാലിന് ഗള്‍ഫിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അതേസമയം അരുണ്‍ തന്റെ വിഹിതം വാങ്ങാതെയാണ് ഗള്‍ഫിലേക്ക് പോയത്. മറ്റു പ്രതികള്‍ സ്വര്‍ണം കണ്ണൂരിലും മംഗളൂരുവിലും വില്‍പ്പന നടത്തുകയായിരുന്നു. കണ്ണൂരില്‍ വിറ്റ സ്വര്‍ണത്തിന് 1.20 ലക്ഷവും മംഗളൂരുവില്‍ വിറ്റ സ്വര്‍ണത്തിന് 1.30 ലക്ഷവുമാണ് ലഭിച്ചത്. വിശാഖിന്റെ കയ്യില്‍ നിറയെ പണം കണ്ടപ്പോള്‍ സംശയം തോന്നിയ പിതാവാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതോടെ ജാനകിയുടെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുകയായിരുന്നു.
അതേസമയം ഗള്‍ഫിലെ പ്രവാസി സംഘത്തിന്റെ സഹായത്തോടെ അരുണിനെ പിടികൂടിയിട്ടുണ്ടെന്ന സൂചന പോലിസ് പറഞ്ഞു. അടുത്ത ദിവസം തന്നെ മുഖ്യപ്രതി അറസ്റ്റുചെയ്യുമെന്ന് എ.ഡി.ജി.പി രാജേഷ് ദിവാന്‍ കാഞ്ഞങ്ങാട് സി.ഐ ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പോലിസ് മേധാവി കെ.ജി സൈമണ്‍, ഡിവൈ.എസ്.പി മാരായ കെ ദാമോദരന്‍, പ്രദീപ് കുമാര്‍, സി.ഐമാരായ സി.കെ സുനില്‍കുമാര്‍, അബ്ദുല്‍ റഹീം, ഉണ്ണികൃഷ്ണന്‍, മറ്റു അന്വേഷണ ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ടീച്ചറെ കൊല്ലാന്‍ പത്തുദിവസം മുമ്പ് പദ്ധതി തയ്യാറാക്കി; മുഖ്യ സൂത്രധാരന്‍ അരുണിന്റെ സാമ്പത്തീക ആവശ്യത്തിന് മറ്റു പ്രതികള്‍ കൊലയ്ക്ക് കൂട്ടുനിന്നു; വധിക്കാന്‍ ധൈര്യമില്ലാത്ത വൈശാഖ് കൃഷ്ണന്‍ മാസ്റ്ററുടെ കൈവെട്ടി പരിക്കേല്‍പിച്ചു; പുലിയന്നൂരിലെ റിട്ട.അധ്യാപികയുടെ കൊല ഞെട്ടിപ്പിക്കുന്നത്