കാസര്‍കോട്: കേരളത്തിലെ 14 ജില്ലകളില്‍ മണല്‍ കടത്തും അതുമായി ബന്ധപ്പെട്ട കേസുകളും ഇത്രത്തോളം പെരുകിയ ഒരു ജില്ല കാസര്‍കോട് പോലെ മറ്റൊന്നുണ്ടാകില്ല. ഒരു കാലത്ത് കള്ളക്കടത്തിലും കള്ള നോട്ടിലും കുഴല്‍പണ ഇടപാടിലും അഭിരമിച്ച ഈ പ്രദേശം വര്‍ത്തമാന കാലത്ത് മണല്‍ കടത്തിന്റെ കൂത്തരങ്ങായി മാറിയിരിക്കയാണ്. മണല്‍ മാഫിയയുടെ കേരളത്തിലെ പറുദീസയായ കാസര്‍കോട്ട് മണല്‍ കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം അനുദിനം വാണം പോലെ കുതിച്ചുയരുകയാണ്. മണല്‍ മാഫിയയും ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്ന ഇവിടെ പലപ്പോഴും പോലീസിനെ നോക്കുകുത്തിയായി മാറ്റികൊണ്ടാണ് ‘അതിഗംഭീരമായ രീതിയില്‍’ ബിസിനസ്സ് പൊടിപൊടിക്കുന്നത്.! നീതിയെയും നിയമത്തെയും വെല്ലുവിളിക്കുന്ന മണല്‍ മാഫിയ അളവറ്റ പണത്തിന്റെ പിന്‍ബലത്താല്‍ ആരെയും ഭയക്കാതെ നിര്‍ബാധം വിഹരിക്കുന്നു. ‘ പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ് ആരുണ്ടിവിടെ ചോദിക്കാന്‍’ എന്ന മട്ടിലാണ് ജില്ലയിയെ കൈപ്പിടിയില്‍ ഒതുക്കി അമ്മാനമാടുന്ന മണല്‍ മാഫിയാ സംഘങ്ങള്‍. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന പഴമൊഴി അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് കാസര്‍കോട്ടെ മണല്‍ മാഫിയകളുടെ വിളയാട്ടം. സംസ്ഥാനത്ത് ഏറ്റവുമധികം പുഴകള്‍ ഒഴുന്ന ജില്ലയാണ് ഇത്-12 എണ്ണം. എല്ലാ പുഴകളും മരണമണി മുഴക്കിയും ചരമഗീതം പാടിയും ജനങ്ങളുടെ ഹൃദയത്തില്‍ നീറ്റലുണ്ടാക്കി കൊണ്ടിരിക്കുകയാണ്. നിര്‍ദാക്ഷിണ്യം മണല്‍ വാരിക്കോരി കൊണ്ടു പോയി വിറ്റ് കാശാക്കി ലക്ഷപ്രഭുക്കളായി മാറിയവര്‍ അനേകമാണ് ഇവിടെ. നിരവധി വര്‍ഷങ്ങളായി നടക്കുന്ന ഈ കൊടും ചൂഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. രാപ്പകല്‍ ഭേദമെന്യെയാണ് ഈ പാതകം അരങ്ങേറുന്നത്. പ്രതികരണ ശേഷിയുള്ള ആരെങ്കിലും ശബ്ദം ഉയര്‍ത്തുമ്പോഴോ മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്പോഴോ മാത്രമാണ് ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. റെയ്ഡും പരിശോധനയുമെല്ലാം പലപ്പോഴും വ്യര്‍ത്ഥമായി കലാശിക്കുന്നു.

ഉദ്യോഗസ്ഥന്‍മാരെയും പോലീസുകാരെയും തട്ടിത്തെറിപ്പിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് മണല്‍ മാഫിയ്ക്കുള്ളത്. അതുകൊണ്ട് തന്നെ ആഴത്തിലും വ്യാപകമായും വേരുകളുള്ള മണല്‍ കടത്തുകാരെയും ഇടപാടുകാരെയും സില്‍ബന്തികളെയും ശിങ്കടികളെയും കൈകാര്യം ചെയ്യുന്നതില്‍ പോലീസ് സംവിധാനം പരാജയപ്പെടുന്നു. പോലീസിനെ സംബന്ധിച്ചിടത്തോളം അതീവ ശ്രമകരമാണ് മണല്‍ മാഫിയ്ക്കെതിരെയുള്ള നടപടി. ജീവന്‍ പണയം വെച്ചാണ് പോലീസും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാരും മണല്‍ വേട്ടയ്ക്ക് ഇറങ്ങുന്നത്. രാത്രികാലങ്ങളില്‍ പോലീസിനെ വെട്ടിച്ച് പോകുന്ന മണല്‍കടത്ത് വണ്ടികള്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോള്‍ പോലീസിന് നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയും പതിവാണ്. കാസര്‍കോട് പോലീസ് സി.ഐ അബ്ദുള്‍ റഹിമിനെ മണല്‍ കയറ്റിയ വാഹനം അപകടപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ഗുരുതരമായി പരിക്കേറ്റ ആ പോലീസ് ഓഫീസര്‍ തലനാരിഴയ്ക്കാണ് മരണ വക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആളും അര്‍ത്ഥവും സ്വാധീനവും കൊണ്ട് കരുത്താര്‍ജ്ജിച്ച മണല്‍ മാഫിയയെ എല്ലാവര്‍ക്കും പേടിയാണ് എന്നുള്ളതാണ് പച്ച പരമാര്‍ത്ഥം. ഈ വര്‍ഷം നാലുമാസം പിന്നിട്ടപ്പോള്‍ 335 കേസുകളാണ് മണല്‍ കടത്തുകാര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 350 വാഹനങ്ങള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. 300 ഓളം പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തില്‍ നൂറുകണക്കിന് കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. വരും മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെയും പിടികൂടുന്ന വാഹനങ്ങളുടെയും പ്രതികളുടെയും എണ്ണം വര്‍ധിക്കുന്നതോടെ ഈ രംഗത്ത് ജില്ല സംസ്ഥാന തലത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കരുതേണ്ടത്. മണല്‍ കടത്ത് കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് എതിരെ 107, കാപ്പ എന്നീ വകുപ്പുകള്‍ പ്രകാരം ശക്തമായ നടപടിയാണ് സ്വീകരിക്കുക പതിവെങ്കിലും അതൊന്നും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. പിടിയിലായാല്‍ എളുപ്പം ഊരിവരാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു.! വിയര്‍പ്പൊഴുക്കാതെ എങ്ങനെയെങ്കിലും പണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചിന്ത ഒന്ന് മാത്രം..! ജില്ലയിലെ എല്ലാ പുഴകളും ഇതിനകം മരുഭൂമിക്ക് തുല്യമായി മാറിക്കഴിഞ്ഞു. പുഴയുടെ സ്ഥാനത്തുള്ളത്ത് മണല്‍ പറമ്പുകള്‍..! സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും മണല്‍ കടത്തുകാരുടെ നീരാളി പിടിത്തതില്‍ നിന്നും കാസര്‍കോട് ജില്ലയ്ക്ക് മോചനം ഉണ്ടാവില്ലെന്നേ പറയാനുള്ളൂ…