കാസര്‍കോട്: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ജില്ലാ ആസ്ഥാനത്തെ പാര്‍ട്ടി ഓഫീസ് ജപ്തി ചെയ്യപ്പെടരുത്-മുന്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പാലക്കുന്നിലെ സാമൂഹിക പ്രവര്‍ത്തകനുമായ കെ.വീസ് ബാലകൃഷ്ണന്‍ വികാരാധീനനായി നേതൃത്വത്തെ അറിയിച്ചു. ഡി.സി.സി ആസ്ഥാന മന്ദിരത്തിന്റെ നികുതി കുടിശികയായ 2.52 ലക്ഷം രൂപയുടെ ചെക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏല്‍പിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡി.സി.സി ഓഫീസ് നികുതി കുടിശിക വന്നതിന്റെ പേരില്‍ ജപ്തി നടപടിയിലേക്ക്
എന്ന ചാനല്‍ ആര്‍.ബി ഡോട്ട്‌കോം വാര്‍ത്തയെ തുടര്‍ന്ന് സ്വന്തം കയ്യില്‍ നിന്നും പണമെടുത്തു കുടിശിക തീര്‍ക്കാന്‍ ഇദ്ദേഹം സന്നദ്ധനാവുകയായിരുന്നു. തന്റെ താത്പര്യം അദ്ദേഹം ബന്ധുകൂടിയായ ഡി.സി.സി. ഭാരവാഹി പെരിയ ബാലകൃഷ്ണനെ അറിയിച്ചു. അദ്ദേഹം ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് ചെക്ക് കൈമാറാന്‍ വേദിയൊരുങ്ങുകയായിരുന്നു.
എഴുപതുകളില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഉദുമ മണ്ഡലം ഭാരവാഹിയായിരുന്നു പാലക്കുന്ന് അംബിക സ്‌കൂള്‍ അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍. വിസ തരപ്പെട്ടതിനെത്തുടര്‍ന്ന് ജോലിയും പാര്‍ട്ടി പ്രവര്‍ത്തനവും മതിയാക്കി ഗള്‍ഫിലേക്ക് പോയി. ഒന്‍പതുവര്‍ഷം മുന്‍പ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി ബിസിനസിലും സാമൂഹികപ്രവര്‍ത്തനത്തിലും മുഴുകുകയായിരുന്നു. കാസര്‍കോട് ഡി.സി.സി ആസ്ഥാന മന്ദിരത്തിന്റെ നികുതി കുടിശിക കാസര്‍കോട് താലൂക്ക് ഓഫിസില്‍ വച്ച് കെവീസ് ബാലകൃഷ്ണനില്‍ നിന്നും ഡപ്യുട്ടി തഹസില്‍ദാര്‍ പി.ജെ ആന്റോ സ്വീകരിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ കരുണ്‍താപ്പ, ബാലകൃഷ്ണന്‍ പെരിയ, സോമശേഖര ശേണി, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ജിന്‌സന്‍ ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.
