കാസര്‍കോട്: വിവാഹ ആവശ്യങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണമെടുക്കുന്നവര്‍ ഇനി സൂക്ഷിക്കണം. മോഷ്ടാക്കള്‍ നിങ്ങളുടെ പിറകെ തന്നെയുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. പാണത്തൂര്‍ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായ് സ്വര്‍ണമെടുക്കാന്‍ ജ്വല്ലറിയിലെത്തിയ ബന്ധുക്കളാണ് സമയോജിത ഇടപെടല്‍ കാരണം മോഷ്ടാക്കളില്‍ നിന്ന് രക്ഷപ്പെട്ടത്. ജ്വല്ലറിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയുടെ ബന്ധുക്കളോട് ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് പണം ആവശ്യപ്പെട്ടുവത്രേ. താന്‍ വരന്റെ ബന്ധുവാണെന്നും ഭാര്യ ആശുപത്രിയിലുണ്ടെന്നും ഉടന്‍ പണം ആവശ്യമാണെന്നും അറിയിച്ചാണ് യുവാവ് ബന്ധുക്കളെ സമീപിച്ചത്. പിന്നീട് വരന്റെ പേരും ബന്ധവും മറ്റുവിവരങ്ങളും അറിയിച്ചു. വരന്റെ ക്ഷണക്കത്ത് അച്ചടിച്ച വകയില്‍ കുറച്ച് പണം നല്‍കാനുണ്ടെന്നും വൈകീട്ട് വരന്റെ കയ്യില്‍ പണമെത്തിക്കാമെന്നും പറഞ്ഞതോടെ യുവതിയുടെ ബന്ധുക്കള്‍ അത് വിശ്വസിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും യുവാവ് ഹെല്‍മെറ്റ് ഊരിയിരുന്നില്ല.
ഇതില്‍ പന്തികേട് തോന്നിയ യുവതിയുടെ പിതാവ് ഹെല്‍മെറ്റ് ഊരി ആളെ പരിചയപ്പെടാന്‍ ആവശ്യപ്പെട്ടു. തന്നെ പിടികൂമെന്ന് ഭയന്ന യുവാവ് ഇപ്പോ വരാം എന്നറിയിച്ച് ഹെല്‍മെറ്റിന്റെ ഗ്ലാസ് താഴ്ത്തി ഉടന്‍ സ്ഥലം വിടുകയായിരുന്നു. അപ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടുബൈക്കുകളും പിറകെ പോയി. പണം വാങ്ങുന്ന തഞ്ചത്തില്‍ സ്വര്‍ണം കൈക്കലാക്കാനായിരിക്കാം മറ്റുബൈക്കുകളില്‍ എത്തിയവരെന്നും സംശയിക്കുന്നു. പിന്നീട് ബന്ധുക്കള്‍ പോലിസിനെ സമീപിച്ചു സംഭവം അറിയിക്കുകയായിരുന്നു. ജ്വല്ലറികളിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് കവര്‍ച്ച നടക്കുന്നതെന്നാണ് സൂചന. പേരും വിവരവും കവര്‍ച്ചക്കാര്‍ക്ക് അറിയിച്ചു നല്‍കുന്നത് ജ്വല്ലറിയിലെ ചിലരാണ്. ഇത്തരം റാക്കറ്റുകള്‍ കണ്ണൂര്‍ കാസര്‍കോട് ജ്വല്ലറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പുലിയന്നൂരില്‍ നടന്ന കൊലയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നവരും വീട്ടില്‍ സൂക്ഷിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് പോലിസ് അറിയിച്ചു.
ജ്വല്ലറികളില്‍ നിന്ന് വിവാഹ സ്വര്‍ണമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കവര്‍ച്ചക്കാരുടെ നിരീക്ഷണത്തിലാണ്