
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ 500 വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനായി യുവ വനിതാ പൊലീസുകാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും ബെഹ്റ വ്യക്തമാക്കി. അതേസമയം ‘ജോലിയും വിശ്വാസവും രണ്ടാണ്. തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ വനിതാ പൊലീസ് സന്നിധാനത്തുണ്ടാകും. സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല’ -ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുളള അതിവേഗ തയ്യാറെടുപ്പിലാണ് പൊലീസ്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍ക്ക് പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തുന്നതിനുളള സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.