ജെല്ലിക്കെട്ടിനായി പ്രക്ഷോഭം ശക്തം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ടിനായി പ്രക്ഷോഭം ശക്തം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്.

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളും വ്യവസായ യൂണിയനുകളും തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് ആഹ്വാനം ചെയ്തു. ബാങ്ക് ഉദ്യാഗസ്ഥരുടെ അഖിലേന്ത്യാ സംഘടനയും സിപിഎം, സിപിഐ പാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ന് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ അവധി നല്‍കും. മധുര, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതാതു ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഗീത സംവിധായകന്‍ ഏ.ആര്‍ റഹ്മാനും താര സംഘടനയായ ‘നടികര്‍’ സംഘവും ജെല്ലിക്കെട്ട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് നിരാഹാര സമരത്തിനിറങ്ങും. ചെന്നൈ മറീന ബീച്ചില്‍ നടക്കുന്ന ജെല്ലിക്കെട്ട് അനുകൂലികള്‍ നടത്തുന്ന രാപ്പകല്‍ സമരം നാലാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഏകദേശം 4 ലക്ഷത്തോളം പേരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരിക്കുന്നത്. അതേ സമയം സുപ്രീം കോടതി ഏര്‍പ്പാടാക്കി നിരോധനം മറികടന്ന് ജെല്ലിക്കെട്ടിന് അനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് പ്രക്ഷോഭകര്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പനീര്‍ ശെല്‍വത്തെ അറിയിച്ചു. രാപ്പകല്‍ സമരം നാലാം ദിവസത്തേക്ക് കടന്ന സാഹചര്യത്തില്‍ ഇന്നലെ മടങ്ങാനിരുന്ന പനീര്‍ശെല്‍വം മടക്കയാത്ര റദ്ദാക്കി ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.

0Shares