കാസര്‍കോട്: പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ നിന്ന് കാണായ കൗമാരക്കാരനെ കുറിച്ച് വ്യാജ വാര്‍ത്തയുണ്ടാക്കുകയും കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച നാല് മാധ്യമങ്ങള്‍ക്കെതിരേ കേസ്. രണ്ടു പത്രങ്ങളും രണ്ട് ഓണ്‍ലൈന്‍ മീഡിയകളുമാണ് തെറ്റായ വര്‍ത്ത പ്രസിദ്ധീകരിച്ചത്. ജുവനൈല്‍ ഹോം സൂപ്രണ്ടിന്റെ പരാതി പ്രകാരമാണ് ബാലാവകാശ കമ്മിഷന്‍ പോലിസിനോട് കേസെടുക്കാനും സമന്‍സ് അയക്കാനും നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ജനുവരിയിലാണ് കുട്ടിയെ ഹോമില്‍ നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് ജുവനൈല്‍ ഹോം സൂപ്രണ്ട് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍ നാല് മാധ്യമങ്ങള്‍ കുട്ടിയെ മോഷണ കേസില്‍ പ്രതിയാക്കുകയും കുട്ടിയുടെ സ്വദേശം സംബന്ധിച്ച വിവരവും നല്‍കിയിരുന്നു.
ഇത് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നാലുമാധ്യമങ്ങള്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പോലിസിന് ഹോം സൂപ്രണ്ട് എം അബ്ദുല്ല പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസിന് നിയമ സംബന്ധമായ തടസം കാരണം കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സൂപ്രണ്ട് ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. കമ്മിഷന്‍ പ്രശ്‌നത്തെ ഗൗരവകരമായി കണ്ട് കാസര്‍കോട് പോലിസിനോട് സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് യാതൊരു വിവരവും അറിയാതെയാണ് മോഷണക്കേസില്‍ പ്രതിയാണെന്ന വ്യാജ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതെന്നും കുട്ടിക്കെതിരേ അത്തരത്തില്‍ ഒരുകേസുമില്ലെന്നും സൂപ്രണ്ട് എം അബ്ദുല്ല ചാനല്‍ ആര്‍.ബി ഡോട്ട് കോമിനോട് പറഞ്ഞു.
ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ കുട്ടിയെ കുറിച്ച് വ്യാജ വാര്‍ത്ത; ജുവനൈല്‍ ജസ്റ്റിസ് ആക്ട് ലംഘിച്ച കാസര്‍കോട്ടെ നാല് മാധ്യമങ്ങള്‍ക്കെതിരേ നോട്ടീസ്