ജീവിതവഴിയില്‍ വിധിയുടെ ക്രൂരതയ്ക്കടിപ്പെട്ട് കണ്ണുനീര്‍ പാനം ചെയ്യേണ്ടി വന്ന ചെറുവത്തൂരിലെ പ്രസീതയ്ക്കും കുടുംബത്തിനും സഹായഹസ്തവുമായി പ്രാദേശിക ചാനലിന്റെ വാട്ട്‌സാപ് കൂട്ടായ്മ

  • Post category:news
  • Reading time:1 min read
You are currently viewing ജീവിതവഴിയില്‍ വിധിയുടെ ക്രൂരതയ്ക്കടിപ്പെട്ട് കണ്ണുനീര്‍ പാനം ചെയ്യേണ്ടി വന്ന ചെറുവത്തൂരിലെ പ്രസീതയ്ക്കും കുടുംബത്തിനും സഹായഹസ്തവുമായി പ്രാദേശിക ചാനലിന്റെ വാട്ട്‌സാപ് കൂട്ടായ്മ

തൃക്കരിപ്പൂര്‍: അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ യുവതിക്കും മാതാവിനും വാട്ട്‌സാപ് ഗ്രൂപ് കൂട്ടായ്മയുടെ സഹായഹസ്തം. ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്കു താഴെ ചലനമറ്റ് രണ്ടു വര്‍ഷമായി കിടക്കപ്പായിലായ
ചെറുവത്തൂര്‍ കരക്കൊടിയിലെ പ്രസീതക്കും അമ്മ നിര്‍മലക്കുമാണ് തൃക്കരിപ്പൂരിലെ പ്രാദേശിക ചാനലായ
ടി സി എന്‍ ചാനല്‍ വാട്ട്‌സാപ് കൂട്ടായ്മയിലൂടെ പിരിച്ചെടുത്ത തുക കൈമാറിയത്. ഇവരുടെ കരളലയിക്കുന്ന ജീവിതത്തെക്കുറിച്ച് പ്രാദേശിക ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരിലെത്തുകയും അവരില്‍ ചിലര്‍ അമ്മയുടേയും മകളുടേയും വേദനയില്‍ പങ്കാളികളാവുകയും ചെയ്തു. ഇതിനിടയിലാണ് ഇരുവരേയും സഹായിക്കാന്‍ ചാനലും തുനിഞ്ഞിറങ്ങിയത്. ചാനല്‍ വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെ ആശയം പങ്കുവെച്ചു. മനസ്സുകൊണ്ട് അവരെ സഹായിക്കാനിറങ്ങിയ സുമനസ്സുകള്‍ ഇരുകൈയും നീട്ടി ആശയത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഒരാഴ്ച്ചകൊണ്ട് സ്വരൂപിച്ച 1,63 ,047 രൂപ പ്രസീതയുടെ വീട്ടിലെത്തി ചൊവ്വാഴ്ച രാവിലെ കൈമാറി. വാട്ട്‌സപ്പ് കൂട്ടായ്മയുടെ ചെയര്‍മാന്‍ ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല, വര്‍ക്കിങ് ചെയര്‍മാന്‍ ടി.വി.ചന്ദ്രദാസ്, വൈസ് ചെയര്‍മാന്‍ കെ.സഹജന്‍, കണ്‍വീനര്‍ പി.പ്രസാദ്, ട്രഷറര്‍ എസ്.അഷ്‌റഫ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.മനോജ്, ജയന്‍ ചെറുവത്തൂര്‍, മാധ്യമ പ്രവര്‍ത്തകരായ രജീഷ് കുളങ്ങര, പി.വിജിന്‍ദാസ്, അറഫാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടുംബത്തിനു സഹായം കൈമാറിയത്. വാട്ട്‌സാപ് കൂട്ടായ്മയുടെ മൂന്നാമത്തെ സഹായ ധന കൈമാറ്റമാണ് ചൊവ്വാഴ്ച നടന്നത്.

0Shares