ജീവിതം ക്ഷേത്രാചാരങ്ങള്‍ക്കായി നല്‍കിയ ദേവനര്‍ത്തകൻ്റെ വിയോഗം അംഗീകാരങ്ങള്‍ക്കൊടുവില്‍; കുറ്റിക്കോല്‍ പ്രദേശം ദുഃഖസാന്ദ്രമായി

  • Post category:news
  • Reading time:1 min read
You are currently viewing ജീവിതം ക്ഷേത്രാചാരങ്ങള്‍ക്കായി നല്‍കിയ ദേവനര്‍ത്തകൻ്റെ വിയോഗം അംഗീകാരങ്ങള്‍ക്കൊടുവില്‍; കുറ്റിക്കോല്‍ പ്രദേശം ദുഃഖസാന്ദ്രമായി

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ആചാരാനുഷ്ഠാനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച ദേവനര്‍ത്തകൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലെ കാളപ്പുലിയന്‍ തെയ്യത്തിൻ്റെ സ്ഥാനികന്‍ പള്ളത്തുങ്കാളിലെ പയ്യങ്ങാനം അപ്പുടു വെളിച്ചപ്പാടനാണ്  മരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. 90 വയസായിരുന്നു.  2016- ലെ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഫോക് ലോര്‍
‘ഗുരുപൂജ’ ആദരം നല്‍കിയിരുന്നു. കൂടാതെ നാട്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും അദ്ദേഹത്തെ ആദരിച്ചിരുന്നു.ക്ഷേത്രാചാരങ്ങളുടെ വിജ്ഞാനങ്ങളില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. പൂരക്കളിയിലും അഗ്രഗണ്യനായായിരുന്നു. പൂരക്കളിയിലെ പതിനെട്ട് നിറങ്ങളും, പൂരമാലയും, വന്‍കളിയും അദ്ദേഹത്തിന് നല്ല സ്വായത്തമായിരുന്നു. നിരവധി ശിക്ഷ്യഗണങ്ങളുള്ള ഈ ഗുരുകാരണവര്‍ നാട്ടുനടപ്പ് സമ്പ്രദായങ്ങളുടെ ഉച്ചനീചത്വങ്ങളോട് എന്നും മുഖം തിരിച്ചിരുന്നു. നന്മ നിറഞ്ഞ വിടര്‍ന്ന ചിരിയും നിഷ്‌കളങ്കവും അര്‍ത്ഥവത്തുമായ സംഭാഷണവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.

(കിന്നാരം ചൊല്ലി; പൂരകുഞ്ഞിനോട് സല്ലപിക്കുന്ന അപ്പുടു വെളിച്ചപ്പാട്)

ക്ഷേത്രാചാര ചടങ്ങുകളില്‍ മറ്റ് സ്ഥാനികര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പുതിയതായി ആചാരംകൊണ്ടവരെ പരിശീലിപ്പിക്കുന്നതിനും കഴിവുണ്ടായിരുന്നു. പത്താളുകള്‍ കൂടുന്ന സഭകളില്‍ നയയുക്തമായ സംസാരത്തിലൂടെ എല്ലാവരുടെയും അഭിമതനാകാനും അപ്പുടു വെളിച്ചപ്പാടിന് കഴിഞ്ഞിരുന്നു. സ്ത്രീകളോടും കുട്ടികളോടുമുള്ള സ്‌നേഹം നിറഞ്ഞ പെരുമാറ്റവും സംസാരവും ഒരിക്കലും മറക്കാനാകുന്നതല്ല.

0Shares