ജീന്‍പോളിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്, പരാതി പിന്‍വലിച്ചതായി യുവനടി കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ജീന്‍പോളിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്, പരാതി പിന്‍വലിച്ചതായി യുവനടി കോടതിയില്‍

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. പരാതിയില്‍ നിന്നും പിന്മാറിയതായി യുവനടി കോടതിയില്‍ സത്യവാങ്മൂലം. ‘ഹണീ ബി-2’ എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടി പരാതി നല്‍കിയിരുന്നത്. ആ സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച അന്വേഷണം സംഘം പരാതി സത്യമാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കുകയാണെന്നാണ് നടി വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും രണ്ടു പേജ് വരുന്ന സത്യവാങ്മൂലത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴാണ് നടി പരാതിയില്ലെന്ന സത്യവാങ്മൂലം നല്‍കിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണം തുടരുകയാണെന്നും മുന്‍കൂര്‍ ജാമ്യം ഇരുവര്‍ക്കും അനുവദിക്കരുതെന്നുമായിരുന്നു പോലീസ് നിലപാട്.

 

0Shares