തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. കോളേജിലെ ഇടിമുറിയായി അറിയപ്പെടുന്ന വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും ഫോറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. ജിഷ്ണുവിന് ഈ മുറിയില്‍ വച്ച് മര്‍ദനമേറ്റതിന്റെ തെളിവുകളും ലഭിച്ചതായി അറിയുന്നു. ജിഷ്ണു ഉപയോഗിച്ചിരുന്ന ഹോസ്റ്റല്‍ മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജിഷ്ണുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബന്ധുക്കളുടെ വാദത്തിന് ബലമേറി.

കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്ന് തിരിച്ചറിയാന്‍ വിശദമായ ഫോറന്‍സിക് പരിശോധനകള്‍ ആവശ്യമാണ്.
ഇതേതുടര്‍ന്ന് ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന പോലീസ് സംഘം പാമ്പാടി നെഹ്‌റു കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ജിഷ്ണു മരിച്ച ദിവസത്തെയും തൊട്ടടുത്ത ദിവസത്തെയും സി.സി.ടി.വി ദൃശ്യം അപ്രത്യക്ഷമായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസ് അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.