ജിഷ്ണുവിന്റെ ആത്മഹത്യ: പ്രതികള്‍ ഒളിവില്‍; കോളേജിനു മുന്നില്‍ ഉപവാസവും സമരവും തുടങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ ആത്മഹത്യ: പ്രതികള്‍ ഒളിവില്‍; കോളേജിനു മുന്നില്‍ ഉപവാസവും സമരവും തുടങ്ങി.

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം നാല് അധ്യാപകര്‍ ഒളിവില്‍. ഇന്നലെ കോളേജ് പ്രിന്‍സിപ്പല്‍ അടക്കം 5 പേര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷമാണ് അധ്യാപകര്‍ അപ്രത്യക്ഷരായത്.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍കെ ശക്തിവേല്‍, അധ്യാപകരായ ടിപി പ്രവീണ്‍, വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഏതുസമയത്തും ഉണ്ടാകാമെന്നതിനാലാണ് പ്രതികള്‍ ഒളിവില്‍ പോയതെന്ന് സംശയിക്കുന്നു. ഇവര്‍ക്കായി തമിഴ്‌നാട്ടിലടക്കം തെരച്ചില്‍ നടത്തുന്നുണ്ട്. ജിഷ്ണുവിന്റെ സംശയാസ്പദ മരണത്തെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേസ് അന്വേഷണത്തിനായി എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ജിഷ്ണു പരീക്ഷക്ക് കോപ്പിയടിച്ചുവെന്ന് തെറ്റായ ആരോപണമുന്നയിച്ച് വിദ്യാര്‍ഥിയെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടതായി അന്വേഷണ സംഘത്തിനു ബോധ്യമായതിനെ തുടര്‍ന്നാണ് കേസെടുത്തത്.

അതേ സമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിന് പിന്നാലെ, പരീക്ഷാകേന്ദ്രം തലേന്ന് രാത്രി മാറ്റിയും, വിദ്യാര്‍ഥിനികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിട്ടും മാനേജ്‌മെന്റ് പ്രതികാരനടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരം തുടങ്ങി. മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന്‍ കോളേജ് കവാടത്തില്‍ ഇന്ന് മുതല്‍ ഉപവസിക്കും. ജിഷ്ണുവിന്റെ നാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

0Shares