തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കോളേജ് അധികൃതര്‍ ആദ്യഘട്ടം മുതല്‍ക്കേ നടത്തിയ ശ്രമങ്ങള്‍ കേരളീയ സമൂഹം തിരിച്ചറിഞ്ഞിരുന്നു. ജിഷ്ണുവിന്റെ അപമൃത്യുവിലൂടെ കോളേജിനുണ്ടായ കുപ്രിസിദ്ധി മായ്ച്ചു കളയാന്‍ ആസൂത്രിതമായ നീക്കമാണ് നടത്തിയത്. ജിഷ്ണുവിന്റെ ജീവന്‍ കവര്‍ന്ന പാപഭാരത്തില്‍ നിന്ന് എങ്ങനെയെങ്കിലും കൈകഴുകി രക്ഷപ്പെടാന്‍ കോളേജ് അധികൃതര്‍ ഇപ്പോഴും ശ്രമിച്ച് വരികയാണ്!. നീതിയുടെയും നിയമത്തിന്റെയും പിടിയില്‍ നിന്ന് ഏത് വിധേനയും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് നെഹ്‌റു കോളേജുകാര്‍. ജിഷ്ണുവിന്റേതെന്ന് പറയുന്ന ഒരു ആത്മഹത്യാകുറിപ്പിന്റെ കച്ചിത്തുരുമ്പു പിടിച്ചാണ് അഭ്യാസ വേലകള്‍ പുരോഗമിക്കുന്നത്. ജിഷ്ണുവിന്റേത് ആത്മഹത്യ അല്ലെന്നും മാനസികവും ശാരീരികവുമായ പീഡനത്തിനൊടുവിലെ കൊലപാതകമാണെന്നും കോളേജിലെ വിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പൊതു സമൂഹവും ദൃഢമായി കരുതുമ്പോള്‍ സത്യത്തെ തമസ്‌കരിക്കാനാണ് കോളേജ് അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്.

അതിന്റെ ഭാഗമായാണ് ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പിലൂടെ ഉയര്‍ത്തി കൊണ്ടുവരുന്ന രക്ഷോപായ തന്ത്രങ്ങള്‍!. ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടെയാണ് പുറത്തുവന്നത്. എന്നാല്‍ കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കുറിപ്പില്‍ ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’. ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്. ലോക്കല്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെ ഒരു കത്ത് കണ്ടെടുത്തത്. എന്തായാലും സത്യം പുറത്തുവരുന്നതിലൂടെ കത്തിന്റെ പിറകിലെ കരങ്ങള്‍ ആരുടേതെന്ന് തെളിയുന്നതാണ്.