ജിഷ്ണുവിന്റെ അമ്മ മഹിജയെ അറസ്റ്റ് ചെയ്ത സംഭവം; പോലീസ് നടപടിക്കെതിരെ വി.എസ്സും ചെന്നിത്തലയും ആഞ്ഞടിക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ജിഷ്ണുവിന്റെ അമ്മ മഹിജയെ അറസ്റ്റ് ചെയ്ത സംഭവം; പോലീസ് നടപടിക്കെതിരെ വി.എസ്സും ചെന്നിത്തലയും ആഞ്ഞടിക്കുന്നു.

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് പീഡിപ്പിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.നീതി തേടി ഡി.ജി.പി ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സമരം നടത്താനെത്തിയ ഹതഭാഗ്യയായ ഒരമ്മയെ പോലീസ് നിര്‍ദയം റോഡിലൂടെ വലിച്ചിഴച്ച നടപടി ഒരു തരത്തിലും നീതീകരിക്കാന്‍ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ അറസ്റ്റു ചെയ്ത് നീക്കിയ പോലീസ് നടപടിയില്‍ വി.എസ്. രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ച് വി.എസ്. ശകാരിച്ചു.

തിരഞ്ഞെടുപ്പു കാലത്ത് സര്‍ക്കാരിനെ നാറ്റിക്കാനുള്ള ശ്രമമാണോ പോലീസ് നടത്തുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പി യോട് ചോദിച്ചു. പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടുണ്ട്.

പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനാജനകമാണെന്നും മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് ഹൃദയഭേദകമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

0Shares