കോഴിക്കോട്: നാദാപുരം വളയത്തെ മഹിജയുടെ വീട്ടില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്ന മകള്‍ അവിഷ്ണയെ ഇന്ന് സന്ദര്‍ശിച്ച പ്രമുഖ നടനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യു പറഞ്ഞ കാര്യങ്ങള്‍ കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ്. ജിഷ്ണുവിന്റെ അകാല മൃത്യുവിനെ തുടര്‍ന്ന് അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തി വരുന്ന ധീരമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജോയ് മാത്യു കേരളീയ സമൂഹത്തിന്റെ നേര്‍ക്ക് നോക്കി ധാര്‍മ്മിക രോഷത്തോടെയാണ് ചില പരമാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തിയത്. കേരളത്തിലെ ബുദ്ധി ജീവികളെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ തലതൊട്ടപ്പന്‍മാരെയും കണക്കിന് കൊട്ടിക്കൊണ്ടാണ് ജോയ് മാത്യു തന്റെ ഹൃദയവേദനകളും രോഷവും പ്രകടിപ്പിച്ചത്. ജിഷ്ണുവിന്റെ കുടുംബത്തെ പിന്‍താങ്ങാനും സര്‍ക്കാറിന്റെ നെറികേടുകള്‍ക്കെതിരെ ശബ്ദിക്കാനും സാക്ഷര കേരളത്തിലെ സാംസ്‌കാരിക നായകര്‍ മുന്നോട്ട് വരാത്തത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായ പ്രകടനം നടത്താറുള്ള സാംസ്‌കാരിക നായകര്‍ ജിഷ്ണു കേസിനെക്കുറിച്ചോ മഹിജയുടെയും അവിഷ്ണയുടെയും ധര്‍മ്മ സമരത്തെക്കുറിച്ചോ ‘കമാ’ എന്ന ഒരക്ഷരം പറയാനോ അല്ലെങ്കില്‍ ഒരു ചെറുവിരലെങ്കിലും അനക്കാനോ കൂട്ടാക്കാത്തത് നട്ടെല്ല് ഇല്ലായ്മയുടെ തെളിവാണ്. നമ്മുടെ മഹാന്മാരായ എഴുത്തുകാരെല്ലാം ഇപ്പോള്‍ മാളത്തില്‍ പോയി ഒളിച്ചിരിക്കുകയാണ്. അവാര്‍ഡ് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് ഇവരെല്ലാം ‘മൗനി ബാബമാരായി’ മാറിയതെന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടി. ഈ മൗനം അവര്‍ക്ക് ഭൂഷണമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയക്കാരെ പോലെ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും അപ്പക്കഷണത്തിനായി എഴുത്തുകാരും സാംസ്‌കാരിക നായകരും അധഃപതിച്ചുപോയതിന്റെ ദൃഷ്ടാന്തമാണ് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് ജോയ് മാത്യു പറഞ്ഞു. ഹൃദയത്തില്‍ കാരുണ്യത്തിന്റെയോ സഹതാപത്തിന്റെയോ അനുകമ്പയുടെയോ കണിക അവശേഷിച്ചിട്ടുള്ള സാഹിത്യ സാംസ്‌കാരിക നായകര്‍ തെറ്റിനെ തെറ്റായി കാണാനും അതിന് എതിരെ ഉച്ചത്തില്‍ ശബ്ദിക്കാനും മുന്നോട്ട് വന്നിട്ടില്ലെങ്കില്‍ ഇക്കൂട്ടരെ കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്ന് ജോയ് മാത്യു സാക്ഷ്യപ്പെടുത്തുന്നു. ഏറാന്‍ മൂളികളെയും സ്തുതി പാഠകരെയും മൗനി ബാബമാരെയും കേരളീയര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.