
ഇരിയണ്ണി/ കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബി നാടകത്തിൽ നായമ്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി. തുടർച്ചയായി ഏഴാം തവണയാണ് ഈ വിദ്യാലയം സംസ്ഥാന അറബി നാടക മത്സരത്തിൽ പങ്കെടുക്കുന്നത്.
പ്രളയം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ പ്രമേയമാക്കി അവതരിപ്പിച്ച നാടകത്തിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരുടെ ചെയ്തികളാണ് വരച്ചു കാട്ടിയത്.

ഇതേ നാടകത്തിലെ മുത്തു എന്ന എൻഡോസൾഫാൻ ബാധിതനായ കുട്ടിയെ അവതരിപ്പിച്ച മുഹമ്മദ് റംസാൻ മികച്ച നടനും, പീഡനങ്ങളേറ്റു വാങ്ങി ആത്മഹത്യയിൽ അഭയം തേടിയ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഖദീജത്ത് അൻസിബ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അദ്നാൻ,സഹൽ ആദം, ഫിയാദിൻ ഹനീഫ, മുആദ്, മുഹമ്മദ് ഷാമിൽ, ഖദീജത്ത് സിറാജ, ഫാത്തിമ, റാഹില എന്നിവരാണ് നാടകത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
സ്കൂളിലെ അധ്യാപകനായ ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിലെ സംഭാഷണങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അറബി അധ്യാപകരായ അബ്ദുൽ സലാം, പി.ഐ.എ ലത്തീഫ്, സുലൈമാൻ, സുബൈദ, ഉമ്മുകുൽസു, അസ്മാബി, മർസുവ എന്നിവർ ചേർന്നാണ്.
