കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കുത്തിക്കൊന്ന് ബംഗ്ലാവില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍. പിടിയിലായവരുടെ പേരു വിവരങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാവല്‍ക്കാരെ ആക്രമിച്ച് ജയലളിതയുടെ ബംഗ്ലാവില്‍ നിന്ന് വിലപിടിപ്പുള്ള രേഖകളും മറ്റും കൈക്കലാക്കിയത്. കാവല്‍ക്കാരില്‍ ഒരാളായ നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കുത്തിക്കൊല്ലുകയും മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടുമായിരുന്നു കവര്‍ച്ച നടത്തിയത്.

എന്നാല്‍ കിഷന്‍ ബഹദൂറിന് മോഷ്ടാക്കളുമായി ബന്ധമുണ്ടെന്നും സ്വയം ചെയ്ത പരിക്കുകളാണ് അയാളുടെ ശരീരത്തിലുണ്ടായതെന്നുമാണ് പോലീസ് ഭാഷ്യം. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ആക്രമിച്ചവരുടെ സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയിലും മോഷണ സംഘം കയറിയിരുന്നു എന്നാല്‍ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമല്ല.