ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 10 പവന്‍ ആഭരണം കവര്‍ന്നു; സംഭവം നടന്നത് ബദിയടുക്ക ചൂരിപ്പള്ളത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം 10 പവന്‍ ആഭരണം കവര്‍ന്നു; സംഭവം നടന്നത് ബദിയടുക്ക ചൂരിപ്പള്ളത്ത്

ബദിയടുക്ക: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുളകുപൊടി വിതറി 10 പവന്‍ ആഭരണം കവര്‍ന്നു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിറക് വശത്തുള്ള ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന(50), മരുമകള്‍ മറിയംബി(25), മക്കളായ ഇസ ഫാത്വിമ (അഞ്ച്), ആദില്‍ (രണ്ട്) എന്നിവരാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ജനാല തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ ആദ്യം അടുക്കളയില്‍ കയറി മുളക് പൊടി കൈക്കലാക്കുകയായിരുന്നു. പിന്നീട് അടുക്കളയോട് ചേര്‍ന്ന് മുറിയില്‍ കിടക്കുന്ന ആമിനയുടെ കണ്ണില്‍ മുളക് പൊടി വിതറി. മുഖം മൂടി ധരിച്ചെത്തിയ കള്ളന്‍ കത്തികാട്ടി മാല വേണമെന്നാവശ്യപ്പെട്ടു. എതിര്‍ത്തതോടെ മല്‍പിടുത്തിലൂടെ വീട്ടമ്മയെ കീഴ്‌പെടുത്തി കഴുത്തിലെ സ്വര്‍ണാഭരണം കവര്‍ന്നു. ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മറിയംബിയും മക്കളും നിലവിളിച്ചു. ഇതോടെ ഗത്യന്തരമില്ലാതെ കള്ളന്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടികളെ തള്ളിയിട്ട് അടുത്ത മുറിയിലിട്ടു വാതിലടച്ചു. ഇതിനിടേ മറിയംബീയുടെ കഴുത്തില്‍ കിടന്ന മാലയും തട്ടിയെടുത്തു. ഇനി വീട്ടില്‍ പണമോ ആഭരണമോ ഉണ്ടോയെന്ന് കള്ളന്‍ ചോദിച്ചു. ഇല്ലെന്നുപറഞ്ഞതോടെ രണ്ടുപേരെയും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അയല്‍ വാസികളെ വിവരറിയിച്ച് പോലിസിലറിയിക്കുകയായിരുന്നു. മല്‍പിടുത്തത്തിനിടേ പരിക്കേറ്റ ആമിനയും മറിയംബിയെയും ആദിലിനെയും ചെര്‍ക്കള നാലാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറിയംബിയുടെ ഭര്‍ത്താവ് മുഹമ്മദ് ആസിഫ് ഗള്‍ഫിലാണ്. സ്ത്രീകള്‍ മാത്രമായിരുന്നു മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചുവരുന്നത്. ബദിയടുക്ക പോലിസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.

0Shares