ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മാറി വരുന്നതിനിടെ ജനങ്ങള്‍ക്കിട്ട് വീണ്ടും എട്ടിന്റെ പണികൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനമെന്ന ആഘാതത്തില്‍ നിന്നും കരകയറുന്ന ജനങ്ങളുടെമേലാണ് റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ ഇനി തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന ഉത്തരവ് കേന്ദ്രം കൊണ്ടു വന്നത്. പ്രീ പെയ്ഡ് സിം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്.

പുതിയ ഉത്തരവ് നടപ്പില്‍ വരുന്നതോടെ 90 ശതമാനം വരുന്ന പ്രീപെയ്ഡ് സിം ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മാത്രമേ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അന്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഒരു വര്‍ഷത്തിനകം ഈ പുതിയ പരിഷ്‌കാരം നിലവില്‍ വരുത്തുമെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ആള്‍മാറാട്ടം, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികള്‍ തടയാനാണ് ഈ നടപടി കൊണ്ട് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
