
ചെറുവത്തൂര്‍/ കാസര്‍കോട്: ചെറുവത്തൂർ പഞ്ചായത്തിലെ കുണ്ടു പടന്നയിലെ പത്മജയുടെ വീടിന്‍റെ തറക്കല്ലിടല്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ഇതിന് പിന്നില്‍ നാട്ടുകാരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് സഹായകമായത്. കുണ്ടുപടന്ന ഗ്രാമത്തിൽ ചെറിയൊരു കോൺക്രീറ്റ് ഷെഡിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺമക്കളടങ്ങുന്ന കാരിയിൽ കുണ്ടുപടന്നയിലെ കളത്തിൽ രവീന്ദ്രന്‍റെ കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഈ വീടിന്‍റെ അടിത്തറ പൊട്ടി അപകടാവസ്ഥയിലായി. ഇതോടെ നാട്ടുകാർ ഇടപെട്ട് കുടുംബത്തെ മറ്റൊരു വീട്ടിൽ പാർപ്പിച്ചിരുന്നു.

അതിന് ശേഷം ദുരിതാശ്വാസ ക്യാംപിൽ കഴിയവെ ഇവരുടെ അവസ്ഥ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ക്യാംപ് സന്ദർശിച്ച ജില്ലാ കലക്ടർ ഡോ.ഡി.സജിത്ത് ബാബുവിനോട് പറയുകയുണ്ടായി.
കനത്ത കാലവർഷത്തിൽ വെള്ളം കയറി വാസയോഗ്യമല്ലാതായ ചെറിയ കോൺക്രീറ്റ് വീട് പുനർ നിർമിക്കാൻ നിലവിലുള്ള സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സുമനസ്സുകളോട് ജില്ലാ കളക്ടർ സഹായം അഭ്യർത്ഥിച്ചത്.

ഇതിനെ തുടര്‍ന്ന് കേരളത്തിലെ ആദ്യത്തെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലൊന്നായ കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ പ്ലസ് വൺ ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ 1.60 ലക്ഷം രൂപ നൽകിയാണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റി രൂപീകരിച്ച ജോയിന്റ് അക്കൗണ്ടിൽ ഇതിനകം വീട് നിർമാണത്തിന് സഹായം എത്തുന്നുണ്ട്.
മാതാപിതാക്കളും രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന് സൗകര്യങ്ങളുള്ള വീട് നിർമിക്കുകയാണ് ലക്ഷ്യം. കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഉൾപ്പടെ സന്നദ്ധ സംഘടനകളും സഹായം നൽകിയിട്ടുണ്ട്. 3 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും സഹായിക്കാൻ തയാറുള്ളവർ ചെറുവത്തൂർ പഞ്ചായത്തുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് മാധവൻ മണിയറ അറിയിക്കുകയുണ്ടായി.
