ജനകീയ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി ‘കാസര്‍കോട് മാരത്തണ്‍ 2017’

  • Post category:local news
  • Reading time:1 min read
You are currently viewing ജനകീയ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി ‘കാസര്‍കോട് മാരത്തണ്‍ 2017’

കാസര്‍കോട്: ‘ആരോഗ്യവും സൗഹൃദവും’ എന്ന സന്ദേശവുമായി ‘ഗുഡ്മോണിങ് കാസര്‍കോട്’ സംഘടിപ്പിച്ച കാസര്‍കോട് മാരത്തണ്‍- 2017 ജനകീയ കൂട്ടായ്മയായി മാറി. നൂറുകണക്കിന് ആളുകളാണ് ഇന്ന് രാവിലെ നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. അടുക്കത്ത് വയല്‍ താളിപ്പടപ്പ് മൈതാനിയില്‍ നിന്ന് തുടങ്ങിയ മാരത്തണ്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. താളിപ്പടപ്പ് മൈതാനിയില്‍ ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് ചൂരി അദ്ധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകാന്ത്, ജില്ലാ പ്ലീഡര്‍ അഡ്വ. പി.വി ജയരാജന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് ടി.എ ഷാഫി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

കൂട്ടയോട്ട പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മെഡലും ജേഴ്സിയും നല്‍കി. ഇന്ത്യന്‍ വ്യോമസേന ഫുട്ബോള്‍ ടീമംഗമായിരുന്ന 1965, 1971 ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത അല്‍ത്താഫ് ഹുസൈന്‍, അന്തര്‍ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, കേരള രഞ്ജി ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് അസ്ഹറുദ്ദീന്‍, ബൂള്ളറ്റില്‍ 15 ദിവസം കൊണ്ട് 2300 കിലോമീറ്റര്‍ ഹിമാലയന്‍ ഒഡീസി യാത്ര നടത്തിയ ആദ്യത്തെ കേരള വനിത പി.എന്‍. സൗമ്യ, മലേഷ്യയില്‍ നടന്ന ത്രോബോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അംഗമായ എം. യഷ്മിത, കലാ-കായിക മേഖലയിലെ സംഘാടക മികവിന് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അധ്യാപകനായി വിരമിച്ച എ.വി. പവിത്രന്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. എ.വി. പവിത്രന്‍ മാസ്റ്റര്‍ സ്വാഗതവും ബാലന്‍ ചെന്നിക്കര നന്ദിയും പറഞ്ഞു.

0Shares