
പൊന്‍കുന്നം: ചെറുവള്ളിയിലെ ദേവീക്ഷേത്രമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനൊപ്പം ദിലീപ് ഇവിടെ എത്തിയത്. ക്ഷേത്രത്തില്‍ കരിക്കഭിഷേകവും അട വഴിപാടും നടത്തിയാണ് ദിലീപ് മടങ്ങിയത്. ഈ സമയത്ത് ദിലീപിന്‍റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പ്രദേശവാസികളെ ഉള്‍പ്പെടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്ന് അവകാശപ്പെട്ട സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. ഇതില്‍ നാട്ടുകാര്‍ പ്രകോപിതരാവുകയും ചെയ്തു.

ദിലീപ് എത്തുന്നത് അറിഞ്ഞെത്തിയ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ ഇവര്‍ നിര്‍ബന്ധിച്ച് ക്ഷേത്ര വളപ്പില്‍ നിന്നും പുറത്താക്കി. ദിലീപിന്‍റെ ഫോട്ടോ എടുത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്നും ആരോപണമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് റിമാന്‍ഡിലിരിക്കെ സഹോദരന്‍ അനൂപ് ഇവിടെ എത്തിയിരുന്നു. കേസില്‍ അകപ്പെട്ട സമയം, ക്രിക്കറ്റ് താരം ശ്രീശാന്ത്, ആര്‍.ബാലകൃഷ്ണ പിള്ള എന്നിങ്ങനെ പല പ്രമുഖരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.
