ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് എന്തു സംഭവിച്ചു?

  • Post category:entertainment / news
  • Reading time:2 mins read
You are currently viewing ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് എന്തു സംഭവിച്ചു?

കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ ചക്രവര്‍ത്തി ആരാണെന്ന് പറയേണ്ടതില്ലല്ലോ! ചലച്ചിത്ര ലോകവും പ്രേക്ഷക സമൂഹവും എക്കാലവും ഹൃദയത്തോട് ചേര്‍ത്തു വെക്കുന്ന നമ്മുടെ സ്വന്തം’ അമ്പിളിച്ചേട്ടന്‍’അല്ലാതെ അത് മറ്റാരാണ്? നമ്മെയെല്ലാം അങ്ങേയറ്റം വേദനിപ്പിച്ചുകൊണ്ട് ഏതോ ഒരു അഭിശപ്ത മുഹൂര്‍ത്തത്തില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആ മഹാ കലാകാരന്‍ അഭിനയ രംഗത്തുനിന്ന് വിട്ടുനിന്നിട്ട് ഒരുപാട് നാളായി. എന്നിരുന്നാലും, ജഗതിശ്രീകുമാര്‍ എന്ന ആ സര്‍ഗ്ഗ പ്രതിഭയുടെ സാന്നിധ്യം സിനിമാ രംഗത്ത് ഇല്ലെങ്കിലും മകള്‍ ശ്രീലക്ഷ്മി ആ കുറവ് ഇക്കാലമത്രയും നികത്തുകയായിരുന്നു.


അഭിനയവും ആങ്കറിംഗുമായി തിളങ്ങിയ ശ്രീലക്ഷ്മി ഇപ്പോള്‍ എല്ലാ പരിപാടികളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയാണ്. ആ അനുഗൃഹീത കലാകാരി ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കെങ്കിലും അറിയുമോ ആവോ? അതേക്കുറിച്ച് ആരെലും അന്വേഷിച്ചിട്ടുണ്ടാവുമോ എന്തോ? എങ്കില്‍ അറിയുക, മലയാളികളുടെ പ്രിയ നടന്‍ ജഗതിശ്രീകുമാറിന്റെ അരുമ മകള്‍ ശ്രീലക്ഷ്മി ഇപ്പോള്‍ മസ്‌ക്കറ്റില്‍ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.

ഓര്‍ക്കാപ്പുറത്ത് അച്ഛനുണ്ടായ അത്യാഹിതം തന്റെ ജീവിതത്തിലെ വഴിത്തിരിവായെന്ന് ശ്രീലക്ഷ്മി പറയുന്നു. വായയില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച തനിക്ക് അച്ഛനു സംഭവിച്ച അപകടത്തോടെ ചാനലുകളിലും മറ്റും ജോലി ചെയ്ത് പഠിക്കാന്‍ പണമുണ്ടാക്കേണ്ടി വന്നു. അപകടം തന്നെ ഏറെ കരുത്തുള്ളവളാക്കി മാറ്റി. ഏത് സാഹചര്യത്തെ നേരിടാനുള്ള മനക്കരുത്തും ആര്‍ജ്ജവവും ലഭിച്ചു. ആര്‍ഭാട ജീവിതത്തിന് പകരം യഥാര്‍ഥ ജീവിതം എന്തെന്ന് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന്‍ പഠിച്ചു.

അപകടത്തിന് ശേഷം കോടതിവിധി ഉണ്ടായിട്ടും ചില ബന്ധുക്കള്‍ ശ്രീലക്ഷ്മിയെ അച്ഛനെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇതുകാരണം 2015ല്‍ പൂഞ്ഞാറില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജഗതിശ്രീകുമാറിനെ കാണാന്‍ ശ്രീലക്ഷ്മി സ്റ്റേജിലേക്ക് ബലം പ്രയോഗിച്ചു കയറിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സ്വന്തം കരിയര്‍ കെട്ടിപ്പടുക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അഭിനയവും ആങ്കറിംഗും ഉപേക്ഷിച്ചിട്ടില്ലെന്നും തീര്‍ച്ചയായും തിരിച്ചു വരുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. അച്ഛന്റെ തിരിച്ചു വരവിനായി താന്‍ സദാസമയവും ഹൃദയം ഉരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് നിറകണ്ണുകളോടെ ശ്രീലക്ഷ്മി. അച്ഛന്‍ വീണ്ടും മലയാള സിനിമയുടെ നെറുകയില്‍ നിറദീപം പോലെ അച്ഛന്‍ വീണ്ടും ജ്വലിക്കുന്നത് കാത്ത് കഴിയുകയാണ് ഈ മകള്‍.

0Shares