ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ചു നിര്‍മ്മിച്ച ചോക്ലേറ്റ് വില്‍പ്പന നടത്തിയ ഡോക്ടര്‍ പോലീസ് പിടിയില്‍. ഹൈദരാബാദ് പോലീസാണ് 35കാരനായ ഷുജാത്ത് അലി ഖാനെ പിടികൂടിയത്. 2006ല്‍ മെഡിക്കല്‍ കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ ഇയാള്‍ 2014വരെ സര്‍ക്കാരിനു കീഴിലുള്ള നിസാംനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നു. പിന്നീടാണ് കഞ്ചാവ് കച്ചവടത്തിലേക്ക് നീങ്ങുന്നത്. കഞ്ചാവ് പൊടി ഉപയോഗിച്ചുള്ള ചോക്ലേറ്റ് ഉണ്ടാക്കിയ ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഷുജാത്ത് വില്‍പ്പന നടത്തിയിരുന്നത്. 500 മുതല്‍ 1500 രൂപ വരെയായിരുന്നു ചോക്ലേറ്റിന്റെ വില. ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഷുജാത്ത് ചോക്ലേറ്റ് ബിസിനസ് നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. കഞ്ചാവിന്റെ അളവ് അനുസരിച്ചാണ് ഇയാള്‍ ചോക്ലേറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. കഞ്ചാവിന്റെ അളവ് കൂടുന്നത് അനുസരിച്ച് ചോക്ലേറ്റിനു വിലയും വര്‍ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 3000ത്തോളം പേര്‍ക്ക് ഷുജാത്ത് ചോക്ലേറ്റ് വിറ്റിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 45 കഞ്ചാവ് ചോക്ലേറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഷുജാത്ത്.