കാസര്‍കോട്: ഉദുമക്കടുത്ത് ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വനിതാ മതില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം.ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി.ആര്‍ ഷാന്‍, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ ജി.എന്‍.എഫ് രഞ്ജു എന്നിവരെയാണ് ആക്രമിച്ചത്. ക്യാമറയും നശിപ്പിക്കപ്പെട്ടു. പ്രസ്‌ക്ലബ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി സുരേശന്‍, വിനോയ് മാത്യു, സുരേന്ദ്രന്‍ മട്ടന്നൂര്‍, രാജേഷ് നോയല്‍, അബ്ദുള്‍റഹ്മാന്‍ ആലൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും ജോ. സെക്രട്ടറി കെ.വി പത്മേഷ് നന്ദിയും പറഞ്ഞു.