കാസര്‍കോട്: ജില്ലയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് കിടക്കുന്ന ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ വരുമാനം കുറക്കാന്‍ അധികൃതര്‍ തന്നെ ശ്രമിക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി സീസണ്‍ ടിക്കെറ്റെടുക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി. രാവിലെ ഒമ്പതുമണിക്ക് ശേഷം മാത്രമേ ഇനി ടിക്കെറ്റെടുക്കാനാകൂ. ഇത് കാരണം മൂന്നിലൊന്ന് യാത്രക്കാരാണ് ചെറുവത്തൂരിനെ ആശ്രയിക്കുന്നത്. മറ്റുള്ളവര്‍ മറ്റു സ്റ്റേഷനുകളില്‍ നിന്നാണ് ടിക്കറ്റെടുക്കുന്നതും പുതുക്കുന്നതും. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സീസണ് ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവര്‍ ചെറുവത്തൂര്‍ റെയില്‍ വേ സ്‌റ്റേഷനിലാണ്. രണ്ടായിരത്തില്‍ പരം സീസണ്‍ യാത്രക്കാരുണ്ട്. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് വരുമാനം ചെറുവത്തൂരിന് ലഭിക്കുന്നുണ്ട്.
നിയന്ത്രണം ഏര്‍പെടുത്തിയതോടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എന്നാല്‍ ഒറ്റ കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ട് പോലും ഈ നിയന്ത്രണം ഏര്‍പെടുത്തിയിട്ടില്ലെന്നു സീസണ്‍ യാത്രക്കാര്‍ പറയുന്നു. റിസര്‍വേഷനു മാത്രമാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. മറ്റു യാത്രക്കാര്‍ക്ക് പ്രയാസമില്ലാത്ത തരത്തില്‍ സീസണ്‍ ടിക്കറ്റെടുക്കാന്‍ അവസരം നല്‍കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അഭ്യര്‍ഥന പ്രകാരമാണ് ചെറുവത്തൂരില്‍ നിയന്ത്രണമേര്‍പെടുത്തിയതെന്ന് സ്റ്റേഷന്റെ ചുമതലയുള്ള ഹരി പ്രതികരിച്ചു. തിരക്കുള്ള സ്റ്റേഷനുകളില്‍ ഇത്തരം നിയന്ത്രണം ഏര്‍പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
