
ചെറുവത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം പരിശോധന നടത്തി. ചെറുവത്തൂര്‍ ടൗണ്‍, മടക്കര, കൊവ്വല്‍, കാടങ്കോട് എന്നീ പ്രദേശങ്ങളിലെ ഭക്ഷണ ശാലകളിലാണ് ചെറുവത്തൂര്‍ വി വി സ്മാരക സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേശന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തതിനെ തുടർന്ന് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തെ ശുചിത്വം, മാലിന്യം സംസ്കരിക്കുന്നതിന് ശാസ്ത്രീയ സൗകര്യം എന്നിവയില്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങള്‍ക്ക് സംഘം നോട്ടീസ് നൽകുകയും ശുചിത്വം പാലിക്കാന്‍ നിർദ്ദേശം നല്‍കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്തിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓണം അടുത്തതോടെ തിരക്കേറുമെന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ അറിയിച്ചു.
