ചെത്ത്കള്ള് കുടിച്ച് പൂസായി ഒരു വാനരന്‍; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ചെത്ത്കള്ള് കുടിച്ച് പൂസായി ഒരു വാനരന്‍; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

കുമരകം: ചെത്ത്കള്ളടിച്ചു പൂസായി ഒരുവാനരന്റെ വിളയാട്ടം നാട്ടുകാരുടെ സൈ്വരം കെടുത്തുന്നു. അടിച്ചു ഫിറ്റായാല്‍ പിന്നെ ഒന്നും നോക്കില്ല. അടുത്തുള്ള കടകളില്‍ കയറി പഴം തിന്നലും തെങ്ങില്‍നിന്നു കരിക്ക് പറിക്കലുമാണ് ഈ കുരങ്ങന്റെ പ്രധാന ഹോബി. കുമരകം ബോട്ട് ജട്ടിയിലും പരിസരപ്രദേശത്തുമാണ് ശല്യമായി കഴിയുന്നത്. മൂന്നു ദിവസം മുമ്പ് കുമരകത്ത് എങ്ങനെയോ എത്തപ്പെട്ടതാണു ഈ കുരങ്ങന്‍. ചെത്തുന്ന തെങ്ങിലെ മാട്ടം (കുടം) പൊക്കി കള്ളുകുടിക്കുകയും അതു കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നലും ഇവന്റെ പതിവാണ്. ഇതോടെ അടിച്ചു പൂസായ കുരങ്ങന്‍ ഒന്നുകൂടി ഫിറ്റാകും. കരിക്കിന്റെ തൊണ്ട് പൊളിക്കാന്‍ നോക്കുമ്പോള്‍ അതിന് കഴിഞ്ഞില്ലെങ്കില്‍ താഴേക്കിടും.കുരുങ്ങിന്റെ വികൃതിമൂലം ബോട്ട് ജെട്ടി ഭാഗത്തെ കടക്കാര്‍ വാഴക്കുല പുറത്തുതൂക്കാറില്ല. നാട്ടുകാരെ നട്ടം തിരിക്കുന്നത് ഇവന്‍ പതിവാക്കിയിരിക്കയാണ്. എന്നാല്‍ ആരാന്റമ്മയ്ക്കു ഭ്രാന്തുവന്നാല്‍ കാണാന്‍ രസം എന്നു പറഞ്ഞതുപോലെ ജെട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വാനരന്റെ വിക്രിയകള്‍ കൗതുകകരവും ആഹ്ലാദകരവുമായിരിക്കുകയാണ്. നേരത്തേ ഈ ഭാഗത്തെത്തിയ ഒരു കുരങ്ങനെ വനം വകുപ്പ് അധികൃതര്‍ കെണിവച്ചു പിടിച്ചു കൊണ്ടുപോയിരുന്നു. കുടിയന്‍ കുരങ്ങനെക്കൂടി പിടിച്ച് ശല്യം ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

0Shares