
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 20,956 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫിന് തകര്‍പ്പന്‍ വിജയം. സജി ചെറിയാന്‍ നിയമസഭയിലെത്തുന്നതോടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതുസര്‍ക്കാറിന് ഊര്‍ജം പകരുന്നതായി ഈ തിരഞ്ഞെടുപ്പ്. അതേസമയം വിജയം പ്രതീക്ഷിച്ച യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും കനത്ത നിരാശ പകരുന്നതാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67,303 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 46,347 ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 35,270 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 7,000 ല്‍ പരം വോട്ടുകള്‍ക്ക് കെ.കെ രാമചന്ദ്രന്‍ നായര്‍ വിജയിച്ച മണ്ഡലമാണ് സജി ചെറിയാന്‍ 20,000 ല്‍ പരം വോട്ടുകള്‍ക്ക് നിലനിര്‍ത്തിയിരിക്കുന്നത്. രാമചന്ദ്രന്‍ നായരുടെ അകാലവിയോഗത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.യു.ഡി.എഫും എന്‍.ഡി.എയും വലിയ പരാജയമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ഏറ്റുവാങ്ങിയത്.
യു.ഡി.എഫിന്റെ കോട്ടകളില്‍ പോലും എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷം കരസ്ഥമാക്കി. 2016 ല്‍ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിനും യു.ഡി.എഫിനും കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ തവണ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് തോറ്റതെങ്കില്‍ ഇപ്പോള്‍ പരാജയഭാരം 20,000 ല്‍പരം ആയിരിക്കുന്നു. അത്ഭുത വിജയം പ്രതീക്ഷിച്ച ബി.ജെ.പിക്കും വന്‍ തിരിച്ചടിയാണ് നേരിട്ടത്. 2016 ല്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അന്ന് 42,000 ല്‍പരം വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 35, 270 വോട്ടുകള്‍ മാത്രം. ഏഴായിരത്തോളം വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്നത്.
