‘ചൂട്’ തെരുവുനാടകം; പ്രേക്ഷക ഹൃദയങ്ങളില്‍ കാലത്തിൻ്റെ തീപൊള്ളല്‍

  • Post category:news
  • Reading time:1 min read
You are currently viewing ‘ചൂട്’ തെരുവുനാടകം; പ്രേക്ഷക ഹൃദയങ്ങളില്‍ കാലത്തിൻ്റെ തീപൊള്ളല്‍

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ‘തീ പടര്‍ത്താനുപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും.’ കണ്ണടച്ചാല്‍ ചൂട് പോകുമെന്ന ധാരണയില്‍ ജീവിക്കുന്ന സാമൂഹ്യ ചിന്താഗതിയെ നോക്കി പല്ലിളിക്കുകയാണ് ‘ചൂട്’ എന്ന തെരുവുനാടകം. സംഗീതത്തിൻ്റെ കോലാഹലവും സെറ്റിൻ്റെ ബാഹുല്യവും അല്ല മറിച്ച് നാടകം നടന്‍ പ്രേക്ഷകനുമായി നടത്തുന്ന സംവിധാനം ആണെന്ന് ഓര്‍മിപ്പിക്കുകയാണ് ചൂട്. ഇന്നില്‍ മാത്രം ജീവിക്കുന്ന കഥാപാത്രമായ് അനീഷ് കുറ്റിക്കോലും നാളെയുടെ ഭീതി നിറഞ്ഞ ഇരുണ്ട കാലത്തെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമായി ഹരിദാസ് കുണ്ടംകുഴിയും സമൂഹത്തിലെ പല ബിംബങ്ങളായി ജയമോഹനും അഭിനയിക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവൻ്റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മൗലികവാദികള്‍ക്കും പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്. എപ്പോഴും നിഷ്‌ക്രിയമായ വരണ്ട മനുഷ്യചിന്തകള്‍ നിര്‍ജീവമായ ജീവിതവുമായിത്തീരും… വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോക ക്രമത്തെ നിര്‍മിക്കുവാനും അതിന് കഴിയില്ല. അതിനാല്‍ ചൂട് നാടകം  ചൂടുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ചൂണ്ടിക്കാട്ടുന്നത്. മറവിയില്‍ നിന്നും ഉണരാനുള്ള ഓര്‍മപ്പെടുത്തലുകളുമായി അരങ്ങില്‍ കഥാപാത്രങ്ങളാകുമ്പോള്‍ പ്രേക്ഷകൻ്റെ ചിന്തകളില്‍ ചിരിയും ജിജ്ഞാസയും നിറയുന്നു. സ്റ്റേജ് സെവന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ജയമോഹന്‍ ആണ് നാടകം സംവിധാനം ചെയ്തത്. വര്‍ത്തമാന കാലത്തിൻ്റെ കലുഷിതമായ ജീവിത ചൂടിനൊപ്പം ‘ചൂട്’ തെരുവ് നാടകം നിരവധി വേദികളില്‍ നാടകപ്രേമികള്‍ക്കിടയിലൂടെ കടന്നുപോകുന്നു.

0Shares