കോഴിക്കോട്: പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇക്കുറി വടകരയിലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം മുതല്‍ പുതിയ രൂപത്തിലാണ് സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. ഇതിൻ്റെ ഭാഗമായി സമ്മേളന നഗരിയില്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപത്തിൻ്റെയും കൊടിമരത്തിൻ്റെയും നിറം മാറ്റിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന പോലീസ് സേനക്ക് നാണക്കേടുണ്ടാകുന്നരീതിയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയവല്‍ക്കരണം ഇതോടെ ഇല്ലാതാകുമെന്നാണ് നിറം മാറ്റം മൂലം അസോസിയേഷന്‍ നല്‍കുന്ന സൂചന. പോലീസ് അസോസിയേഷന്‍ ചുവപ്പ് നിറം പിന്‍പറ്റുന്നത്ത് ശരിയല്ല എന്ന പൊതു അഭിപ്രായത്തിൻ്റെ ഭാഗമായാണ് ഈ നിറം മാറ്റം എന്നാണ് സംഘടകര്‍ പറയുന്നത്. ചുവപ്പ് നിറത്തിലുണ്ടായിരുന്ന സ്തൂപം നീലയും ചുവപ്പുമായാണ് മാറ്റിയത്. സ്തൂപത്തിൻ്റെ അടിഭാഗം നീല നിറമാക്കുകയായിരുന്നു. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പോലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നീലയാണ് പോലീസ് അംഗീകരിച്ച നിറം.
കേരള പോലീസ് അസോസിയേഷൻ്റെ എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം നിര്‍മിച്ച് രക്തസാക്ഷികള്‍ അഭിവാദ്യം അര്‍പ്പിച്ചത് വിവാദമായിരുന്നു. ഇതിനിടെ അസോസിയേഷനില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായി . പോലീസിൻ്റെ പോക്ക് ശരിയല്ലെന്നും അടിയന്തര ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.കെ. വിനോദ്കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ തരത്തിലുള്ള മുന്നറിയിപ്പുണ്ടായിരിക്കുന്നത്. ഇൻ്റെലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനു പിറകെ പോലീസ് അസോസിയേഷന്‍ രക്തസാക്ഷി സ്തൂപത്തിൻ്റെ നിറം മാറ്റി എന്നതും ഏറെ ശ്രദ്ധേയമാണ്.
അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടവിരുദ്ധമാണ്. ജീവന്‍ ബലിയര്‍പ്പിക്കുന്ന പൊലീസുകാരെ അനുസ്മരിക്കാന്‍ പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക സംവിധാനമുള്ളപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ ചടങ്ങ് സംഘടിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയേതര സംഘടനയായി പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. മുന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അസോസിയേഷന്‍ നേതാക്കള്‍ അധിക്ഷേപിച്ച് പ്രസംഗിക്കുന്നത് ശരിയല്ല. സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരുന്നു.
പോലീസ് അസോസിയേഷന്‍ ലോഗോയില്‍ നീലക്കു പകരം ചുവപ്പ് നിറം ഉപയോഗിച്ചെന്നും നിയമാവലിയില്‍ മാറ്റം വരുത്തിവേണമായിരുന്നു ലോഗോ മാറ്റാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് സ്തൂപത്തിൻ്റെ നിറം മാറ്റിയതെന്നാണ് സൂചന. എന്നാല്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നാണ് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം.
ചുവപ്പ് ചായ്വ് വേണ്ടന്ന് പോലീസ് അസോസിയേഷന്‍; രക്തസാക്ഷി സ്തൂപത്തിൻ്റെയും കൊടിമരത്തിൻ്റെയും നിറം മാറ്റി