ചീമേനിയിലെ റിട്ട. അധ്യാപികയുടെ കൊല; ജില്ലാ പോലിസ് ചീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തും; പ്രതികളെകുറിച്ച് സൂചന ലഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചീമേനിയിലെ റിട്ട. അധ്യാപികയുടെ കൊല; ജില്ലാ പോലിസ് ചീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് അന്വേഷണം നടത്തും; പ്രതികളെകുറിച്ച് സൂചന ലഭിച്ചു

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി ജാനകി(67)യെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണ(80)നെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് വീട് കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടേ നാട്ടുകാരായ ചില വ്യക്തികളെ പോലിസ് നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോണ്‍വിളികളും മറ്റും പോലിസ് ശേഖരിക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട്് ഏഴുമണിയോടെ ചീമേനിയിലേക്ക് വഴി ചോദിച്ച ഒരു സംഘത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കൊല നടന്ന സ്ഥലത്തിനടുത്തുള്ള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭജനക്ക് പോവുകയായിരുന്ന ഒരു സ്ത്രീയോടാണ് കാര്‍ നിര്‍ത്തി ഒരാള്‍ ചീമേനിയിലേക്ക് വഴി ചോദിച്ചത്. കാറില്‍ പരിചയമില്ലാത്ത പലരും ഉണ്ടായതായാണ് വിവരം. ചീമേനിയിലേയും പരിസരപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പോലിസ് പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയും ജാനകി അണിഞ്ഞിരുന്ന സ്വര്‍ണമാലയും കൊള്ളയടിക്കപെട്ടിട്ടുണ്ട്. കൂടാതെ വീട്ടില്‍ വേറെയും ആഭരണങ്ങളും പണവും ഉണ്ടായിട്ടുണ്ടോ എന്ന് കുത്തേറ്റ് ഐ.സി.യു.വില്‍ കഴിയുന്ന കൃഷ്ണനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളു.
സംഘത്തിലെ ഒരാള്‍ക്കെങ്കിലും കുടുംബത്തെ കുറിച്ച് നന്നായി അറിയാമെന്നാണ് പൊലീസിന്റെ നിഗമനം. ഭര്‍ത്താവ് കൃഷ്ണന്‍ ബാങ്കില്‍ നിന്ന് പണവും ആഭരണങ്ങളും പിന്‍വലിച്ചതായി വിവരം ലഭിച്ചവരും വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആരെങ്കിലുമായിരിക്കാം കൊള്ളയടിച്ചതെന്നാണ് സംശയം. ജില്ലാ പൊലീസ് ചീഫ് കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ. ദാമോദരന്‍, നീലേശ്വരം സി.ഐ. പി. ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാര്‍, ചീമേനി എസ്.ഐ. രമണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

0Shares