ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും കൗമാര നാടകങ്ങൾ; വേദി, വിദ്വാൻ പി.യുടെ നാട്ടകം

  • Post category:news
  • Reading time:2 mins read
You are currently viewing ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും കൗമാര നാടകങ്ങൾ; വേദി, വിദ്വാൻ പി.യുടെ നാട്ടകം

പീതാംബരൻ കുറ്റിക്കോൽ

കാഞ്ഞങ്ങാട്: കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടകങ്ങൾക്ക് വെള്ളിക്കോത്ത് വിദ്വാൻ പി.കേളു നായർ വേദിയിൽ തിരശീല വീണത് കാണികളെ ചിന്തിപ്പിച്ചും ആസ്വദിപ്പിച്ചും. നാടകങ്ങളെല്ലാം ഒന്നിനൊന്ന് നിലവാരം പുലർത്തുകയും അവതരണം നന്നാക്കിയെങ്കിലും ചില നാടകങ്ങളിൽ സംവിധാനവും രംഗ സജ്ജീകരണങ്ങളും മെച്ചപ്പെട്ടില്ല. ലിംഗസമത്വത്തെ വളരെ പ്രായോഗികമായി അവതരിപ്പിച്ച നാടകം ‘ജിം’ ജനാധിപത്യമൂല്യം വിഭാവനം ചെയ്യുന്നതായി. പൊതുയിടങ്ങളിൽ സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന് ചിന്തിപ്പിക്കാൻ നാടകത്തിലൂടെ സമർത്ഥമായി പറഞ്ഞു.

വി.എച്ച് നിഷാന്തിന്‍റെ മാറാല എന്ന കഥയുടെ സ്വാതന്ത്ര ആവിഷ്കാരമായ ‘പിരാന്ത്’ നാടകം ശ്രദ്ധേയമായി. സമൂഹത്തിലെ സങ്കുചിത ചിന്തകളെ മുസ്ലീംകുടുംബ പച്ഛാത്തലത്തിൽ അവതരിപ്പിച്ച് പടിക്ക് പുറത്താക്കുന്ന വ്യത്യസ്തമായ അവതരണമായിരുന്നു. സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ ‘സിങ്കപ്പൂർ’ എന്ന കഥയെ നാടകമാക്കി രംഗത്ത് അവതരിപ്പിച്ച്‌ കുട്ടികളുടെ നാടക വേദിയിൽ നിറഞ്ഞ കൈയടി നേടി. പിതൃക്കളുടെ ബലിദർപ്പണത്തിന് വേണ്ടി ബലി കാക്കകളെ അന്വേഷിച്ചു നടക്കുന്ന തലമുറകളുടെ പുതിയ കാലത്തെ അവസ്ഥ നാടകത്തിൽ അനാവരണം ചെയ്യുന്നു. സ്ത്രീ സാക്തീകരണത്തിന്‍റെ ആവശ്യം ശക്തമായി അവതരിപ്പിച്ച് ‘പെണ്ണൊരുവൾ’ എന്ന നാടകം പുതിയ കാലത്തെ വിപ്ലവാവേശമാക്കി. മുഴുവൻ കഥാപാത്രങ്ങളെയും പെൺകുട്ടികൾ തന്നെയാണ് രംഗത്ത് അവതരിപ്പിച്ചത്‌.

‘അപ്പൻ പറഞ്ഞ കഥകൾ’ എന്ന നാടകം ബഷീറിന്‍റെ കഥകളുടെ വിവിധ ഏടുകൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടി. മതവൈരത്തിന്‍റെയും അഭയാർത്തി ജീവിതത്തിന്‍റെയും കഥ പറഞ്ഞുതീരുന്നതിന് മുമ്പേ ‘ദേശി’ നാടകത്തെ കാണികൾ ഏറ്റെടുത്തു. രാജ്യദ്രോഹം ഉണ്ടെന്നാരോപിച്ച് ഈ നാടകത്തിനെതിരെ ഹിന്ദു ഐക്യ വേദി പ്രവർത്തകർ ഒരാഴ്ച മുമ്പ് പരാതി നൽകിയിരുന്നു. അതിനാൽ കാണികൾ ആവേശത്തോടെയാണ് നാടകം കണ്ടത്. ‘ഏലികുട്ടിയും കുഞ്ഞാടുകളും’ എന്ന നാടകത്തിൽ പ്രളയ ദുരന്തം അതിജീവിക്കുന്ന ഏലികുട്ടിയുടെയും ആടുകളുടെയും കഥ പറഞ്ഞു കയ്യടി നേടി. ഏറെ സ്നേഹിക്കുന്ന തന്‍റെ ആടുകളെ കൊണ്ടുപോകാൻ കൂട്ടാക്കാത്ത രക്ഷാപ്രവർത്തനത്തെ ഏലികുട്ടിയും വേണ്ടെന്ന് വെക്കുന്നു.

ഇ.സന്തോഷിന്‍റെ കഥയെ ആസ്പദമാക്കി അവതരിപ്പിച്ച ‘ഒരാൾക്ക് എത്ര മണ്ണ് വേണം’ എന്ന നാടകവും ശ്രദ്ധേയമായി. മാടമ്പി അവറാചാന്‍റെ കൊലപാതകവും അതേത്തുടർന്ന് പണ്ടെന്നോ കാടുകയറിയ രണ്ട് യുവമിഥുനങ്ങളെ വെടിയുതിർത്ത് കൊന്ന സാമൂഹ്യ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. തമിഴ് ശൈലിയിൽ പുതുമയൊന്നും ഇല്ലാതെ പെൺകുട്ടികൾ കഥാപാത്രങ്ങളാകുന്ന ‘ദാസി’ നാടകം. ദാസിയാക്കാനുള്ള സമൂഹത്തിന്‍റെ ശ്രമങ്ങളും മകളുടെ വളർച്ചയിൽ അമ്മയുടെ ആകുലതകളുമാണ് നാടകത്തിൽ. ഭരണകൂട പാക്കേജുകളും സ്വാധീനവും സാധാരണക്കാരന്‍റെ ജീവിതത്തിൽ കടന്നുകയറി വഴിയാധാരമാക്കുന്ന കഥയാണ് ‘ടയർ’ എന്ന നാടകത്തിലൂടെ കുട്ടികൾ പറയുന്നത്. നിറഞ്ഞ സദസാണ് നാടക വേദിയിൽ ഉണ്ടായത്.

0Shares