
കൊച്ചി: പാർട്ടി പറഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ വീണ്ടും മത്സരിക്കുമെന്ന് ഇന്നസെന്റ്. അതേസമയം, പാര്‍ട്ടി മത്സരിക്കണ്ട എന്നു പറഞ്ഞാൽ മത്സരിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ചാലക്കുടിയിലെ പാർലമെന്റ് മണ്ഡലം കമ്മറ്റിയിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഉയര്‍ന്ന എതിർപ്പിനെ കുറിച്ച് അറിയില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ ഇന്നസെന്‍റ് മൽസരിച്ചാൽ അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് പറഞ്ഞ് സി.പി.എം പാർലമെന്‍റ് കമ്മിറ്റി കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് ഇന്നസെന്റിന്റെ പ്രതികരണം. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇന്നസെന്റ് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം, ഇന്നസെന്‍റിന്‍റെ ജനപ്രീതിയിലുണ്ടായ ഇടിവാണ് ഇത്തരമൊരു തീരുമാനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് സിപിഎം നേതാക്കൾ പറയുന്നു.

ഇന്നസെന്‍റ് ഒരിക്കല്‍ കൂടി മത്സരിച്ചാല്‍ ചാലക്കുടി മണ്ഡലം ഇടതുപക്ഷത്തിന് നിലനിർത്തേണ്ടത് സി.പി.എം പാർലമെന്‍റ് കമ്മിറ്റിയുടെ ബാധ്യതയാണ്. എന്നാല്‍ അക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഉറപ്പുകൊടുക്കാൻ തങ്ങളെക്കൊണ്ട് ആകില്ല. ആ ഉത്തരവാദിത്വവും ചുമലിലേറ്റാനാകില്ല. അതുകൊണ്ടാണ് യോഗത്തിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 1750 കോടി രൂപയുടെ വികസനം ഇന്നസെന്റ് മണ്ഡലത്തിൽ നടപ്പാക്കിയെന്ന് സി.പി.എം തന്നെ സമ്മതിക്കുന്നു. എന്നാൽ പ്രളയ സമയത്ത് എം .പിയുടെ മണ്ഡലത്തിലെ അസാന്നിധ്യമാണ് ജനപ്രീതി ഇടിയാൻ ഇടയാക്കിയത്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് പ്രാദേശിക സി.പി.എം നിലപാട്.
ശരിക്ക് പറഞ്ഞാല്‍ സി.പി.എം സംസ്ഥാന നേതൃത്വമാണ് ഇപ്പോൾ കൂടുതൽ കുടുക്കിലായിരിക്കുന്നത് . പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ച ഇന്നസെന്‍റിനെ കൂടാതെ പി രാജീവിനേയും സാജുപോളിനേയുമാണ് ചാലക്കുടി പാർലമെന്‍റ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്.
