ചാനല്‍ ആര്‍.ബി വാര്‍ത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധയാകര്‍ഷിച്ചു: പണി നടക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍, മുന്‍ കരുതല്‍ കുട്ടികളുടെ സുരക്ഷ തന്നെ.

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബി വാര്‍ത്ത ഉദ്യോഗസ്ഥരുടെ ശ്രദ്ധയാകര്‍ഷിച്ചു: പണി നടക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍, മുന്‍ കരുതല്‍ കുട്ടികളുടെ സുരക്ഷ തന്നെ.

കാസര്‍കോട്: കാസര്‍കോട്ടെ ഏക ഗേള്‍സ് സ്‌കൂളായ നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനല്‍ ആര്‍.ബി കഴിഞ്ഞാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതാണ്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഈ സ്‌കൂളിന് കളിസ്ഥലംപോലുമില്ല. ഏകദേശം ആയിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥിയലായിരുന്നു. നിരവധി തവണ ബന്ധപ്പെട്ടവര്‍ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ചാനല്‍ ആര്‍.ബി സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇത് പുറം ലോകമറിഞ്ഞതോടെ ഉദ്യോഗസ്ഥർ  പെട്ടെന്ന് നടപടി സ്വീകരിക്കുകയായിരുന്നു. 25 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം താങ്ങി നിർത്തുന്ന തൂണുകള്‍ മിക്കതും പൊളിഞ്ഞ് വീഴാറായതും, മുകള്‍ഭാഗത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് കമ്പികള്‍ പുറത്ത് വന്ന നിലയിലും ആയിരുന്നു. ഇതിനാല്‍ ഏത് സമയവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു സ്‌കൂള്‍ കെട്ടിടം. കൂടാതെ സ്‌കൂള്‍ മുറ്റത്തെ പടുകൂറ്റന്‍ മരം ഉള്ള് പൊള്ളയായ നിലയില്‍ ഏത് സമയവും നിലം പൊത്താവുന്ന രൂപത്തിൽ അപകടം പതിഞ്ഞിരുന്നു.

ഇതിനെയാണ് ചാനല്‍ ആര്‍.ബി ഗൗരവപൂര്‍വ്വം നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തിയത്. ഇതേ തുടര്‍ന്നാണ് സ്‌കൂളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചത്. അപകടാവസ്ഥയിലായ മരം ആദ്യം മുറിച്ച് മാറ്റി, ഇപ്പോള്‍ ബലക്ഷയം സംഭവിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവര്‍ത്തി നടക്കുകയാണ്.

നിലവില്‍ സ്‌കൂള്‍ മുറ്റത്ത് കെട്ടികിടക്കുന്ന മഴവെള്ളം ഒലിച്ച് പോവാന്‍ ഓവുചാല്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിനും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. എന്നാല്‍ ചാനല്‍ ആര്‍.ബിയുടെ ഇടപെടല്‍ മൂലം വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യം യാഥാര്‍ത്ഥ്യമായതിലുള്ള സന്തോഷത്തിലാണ് പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും.

0Shares