ചരൽമണൽ കോർട്ടിൽ നിന്നും ദേശീയ വോളിയിൽ യുവതാരം; വിജയത്തിനായി ആരാധകർ

  • Post category:news
  • Reading time:1 min read
You are currently viewing ചരൽമണൽ കോർട്ടിൽ നിന്നും ദേശീയ വോളിയിൽ യുവതാരം; വിജയത്തിനായി ആരാധകർ

കാസർകോട്: കളിമൺ കോർട്ടിൽ കളിച്ചുവളർന്ന് കോൺഫെഡറേഷൻ കപ്പിൽ സർവീസസ് ടീമിൽ ഇടംനേടിയ കായിക താരത്തിന് നാടിന്‍റെ ആദരം. കുറ്റിക്കോൽ സ്വദേശിയായ ഷഫീഖ് റഹ്‌മാനാണ് പിറന്ന നാടിനും കേരളത്തിനാകെയും അഭിമാനമാകുന്നത്.

ഒഡീഷയിലെ ഭുവനേശ്വറിൽ ആരംഭിച്ച 68മത് നാഷണൽ സീനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിന് സർവീസസ് ടീമിന് വേണ്ടി ജേഴ്‌സിയണിയുന്ന ഷഫീഖിന് കുട്ടിക്കാലം മുതലേ വോളിബോൾ ലഹരിയായിരുന്നു. ആദ്യകാല വോളിബോൾ താരമായിരുന്ന അബ്ദുൽ റഹ്‌മാനാണ് പിതാവ്.

ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ഷഫീഖ് കുറ്റിക്കോൽ സെന്റർ ക്ലബിൽ നിന്നും നാട്ടിലെ മറ്റ് കായിക പ്രതിഭകളുടെ ശിക്ഷണത്തിൽ നിന്നുമാണ് ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. കായിക വിനോദത്തെ നെഞ്ചേറ്റുകയും താരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത നാട്ടിൽ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന താരങ്ങളാണ് രാജ്യത്തിന്‍റെ പ്രതിഭകളായി എക്കാലത്തും തിളങ്ങിയിരുന്നത്.

നാടിന്‍റെ ഹൃദയമിടിപ്പായ വോളീബോളിൽ ഷഫീഖും സംഘവും നയിക്കുന്ന സർവീസസ് ടീമിന്‍റെ വിജയത്തിനായുള്ള പ്രാർത്ഥനയിലാണ് കാസർകോട്ടെ വോളി ആരാധകർ.

0Shares