ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുന്നത് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം; മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് കുട്ടികള്‍ ആലപിക്കുക

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുന്നത് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം; മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് കുട്ടികള്‍ ആലപിക്കുക

കാസര്‍കോട്: ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുന്നത് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ലോക റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് സംഭാവന നല്‍കിയ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശഗീതിക 2018 എന്നപേരില്‍ കുട്ടികള്‍ ആലപിക്കുന്നത്. പി.യുടെ അമ്മയെന്ന കവിതയും, കേളുനായരുടെ സ്മരിപ്പിന്‍ ഭാരതീയരെ എന്ന ദേശഭക്തി ഗീതവും 1000 ല്‍ പരം കണ്ഠങ്ങളില്‍ നിന്ന് ഒരേ സമയം ഉയരും. പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേതൃത്വത്തിലാണ് പരിപാടി. സംഗീതാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ സംഗീത പ്രസ്ഥാനത്തിലെ അംഗങ്ങളായ ഫൗമിയ സലിം, ഐ.കെ. അനുശ്രീ, ആവണി മോഹന്‍, എം. രാംപ്രസാദ്, എസ്. പത്മപ്രിയ, അദ്വൈത് ധനഞ്ജയന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പാട്ടുപാടി ചരിത്രം തിരുത്താന്‍ ഒരുങ്ങുന്നത്. റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.45നാണ് ദേശഭക്തിഗാനം ആലപിക്കുന്നത്.മുന്നോടിയായി വിഷ്ണുഭട്ട് വന്ദനശ്ലോകം ചൊല്ലും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. പ്രകാശ്കുമാര്‍, സ്‌കൂള്‍ ലീഡര്‍ അനുശ്രീക്ക് ഹാര്‍മോണിയം കൈമാറിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വൈക്കം നരേന്ദ്രബാബു (വയലിന്‍), ടി.കെ. വാസുദേവ (മൃദംഗം), കൃഷ്ണന്‍ കൊല്ലമ്ബാറ (ഓടക്കുഴല്‍), കൃഷ്ണകുമാര്‍ നീലേശ്വരം (കീബോര്‍ഡ്), മടിക്കൈ ഉണ്ണികൃഷ്ണന്‍, സുധാകരന്‍ അടോട്ട്, സി.പി. വത്സരാജ് (തബല), പി.പി. രത്‌നാകരന്‍ (ഇലത്താളം) എന്നിവരാണ് പക്കമേളം ഒരുക്കുന്നത്. ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്റെ ചിത്രപ്രദര്‍ശനവുമുണ്ടാകും.

0Shares